തൃശ്ശൂര്‍: നാഷണൽ ഹൈവേ 66 നവീകരണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എംഎൽഎയുടെ നേതൃത്വത്തിൽ നാഷണൽ ഹൈവേ അതോറിറ്റി പ്രോജക്ട് ഉദ്യോഗസ്ഥർ നിർമ്മാണ സ്ഥലങ്ങൾ സന്ദർശിച്ചു. നാഷണൽ ഹൈവേ നവീകരണത്തിൽ പ്രദേശവാസികളുടെ ആശങ്ക ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ എംഎൽഎ അറിയിച്ചു.
ചാവക്കാട് മുല്ലത്തറ ജംഗ്ഷനിൽ 25 മീറ്റർ നീളത്തിലുള്ള അടിപ്പാതയാണ് നിർമ്മിക്കുന്നതെന്നും ഈ അടിപ്പാതയിലൂടെ ആറുവരി ഗതാഗതം സാധ്യമാകുമെന്നും ഹൈവേ അതോറിറ്റിയുടെ പ്രോജക്ട് എൻജിനീയർ അറിയിച്ചു. മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപം 15 മീറ്റർ വീതിയിലും നാല് മീറ്റർ ഉയരത്തിലുമായി അടിപ്പാത നിർമ്മിക്കുമെന്നും അറിയിച്ചു.
ചാവക്കാട് മുല്ലത്തറ ജംഗ്ഷനിൽ മണത്തല ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുൻവശത്തായി ഹൈവേയിലേക്ക് പ്രവേശിക്കുന്നതിന് വേണ്ടി സംവിധാനം ഉണ്ടാകുമെന്നും പള്ളിയിലേക്കോ സ്കൂളിലെക്കോ പോകുന്ന പൊതുജനങ്ങൾക്ക് യാതൊരു തരത്തിലുള്ള പ്രയാസവും ഉണ്ടാകാത്ത രീതിയിലാണ് നിർമാണപ്രവൃത്തി നടത്തുന്നതെന്നും നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ അറിയിച്ചു. മന്ദലാംകുന്ന് ജംഗ്ഷനിൽ ഹൈവേയിലേക്ക് പ്രവേശിക്കുന്നതിനുള്ള സംവിധാനം ഉണ്ടാകുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.
സ്ഥലസന്ദർശത്തിന് ശേഷം എംഎൽഎയുടെ അധ്യക്ഷതയിൽ ചാവക്കാട് പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ യോഗം ചേർന്നു. പൊതുജനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് തടസ്സം വരാത്തവിധം നിർമ്മാണ പ്രവൃത്തിൾ നടത്തണമെന്നും ദേശീയപാത നവീകരണം പൊതുജനങ്ങൾക്ക് ഉപയോഗമായ രീതിയിൽ തന്നെ നടത്തണമെന്നും നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരോട് എംഎൽഎ ആവശ്യപ്പെട്ടു. ലൈൻ മാർക്കിങ്ങ് പൂർത്തീകരിക്കുന്ന മുറയ്ക്ക് ജനങ്ങുടെ ആശങ്ക പൂർണ്ണമായും നീക്കാൻ കഴിയുമെന്ന് യോഗം വിലയിരുത്തി.
യോഗത്തിൽ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്ത്താക്കലി, പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടിവി സുരേന്ദ്രൻ, ചാവക്കാട് നഗരസഭാ വൈസ് ചെയർമാൻ കെകെ മുബാറക്, നാഷണൽ ഹൈവേ അതോറിറ്റി പ്രോജക്ട് എൻജിനീയർ മീണ, ചാവക്കാട് നഗരസഭാ സെക്രട്ടറി കെ ബി വിശ്വനാഥൻ, നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Post Your Comments