Latest NewsKeralaNews

തലശേരിയിലെ ഇരട്ടക്കൊലപാതകം നടുക്കുന്നത്; കുറ്റവാളികൾക്കെതിരേ കർശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: തലശേരിയിൽ ലഹരി മാഫിയാ സംഘം നടത്തിയ ഇരട്ട കൊലപാതകം നാടിനെ നടുക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിക്കെതിരേ സർക്കാർ തുടർച്ചയായ ബഹുജന ക്യാംപെയിൻ നടത്തുന്നതിനിടെ നടന്ന അരുംകൊല നാടിനോടുള്ള വെല്ലുവിളിയായാണു കാണേണ്ടതെന്നും കുറ്റവാളികൾക്കെതിരെ കർശന നിയമനടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലഹരിക്കെതിരായ പോരാട്ടത്തിൽ അണിചേർന്നതിനാണ് തലശേരി നെട്ടൂർ സ്വദേശികളായ ഖാലിദ്, ഷമീർ എന്നിവർ കൊല്ലപ്പെട്ടത്. ജനകീയ ഇടപെടലിന്റെ ഭാഗമായി ലഹരി വിൽപ്പനയെ ജനങ്ങൾ വ്യാപകമായി ചോദ്യം ചെയ്യുന്ന നിലയുണ്ടായിട്ടുണ്ട്. ഇതിൽ ലഹരി മാഫിയാ സംഘങ്ങൾ അസ്വസ്ഥരാണ്. ഇത്തരം കൃത്യങ്ങളെ വിട്ടുവീഴ്ചയില്ലാതെ നേരിടണം. അതിന് സമൂഹമാകെ ഉണർന്നു പ്രവർത്തിക്കണം.

പഴുതടച്ചുള്ള അന്വേഷണത്തിലൂടെയും പൊലീസ്, എക്സൈസ് വകുപ്പുകളുടെ ഇടപെടലുകളിലൂടെയും ഇത്തരം സംഘങ്ങളെ അമർച്ച ചെയ്യും. ലഹരിക്കെതിരായ പോരാട്ടത്തിൽ അണിചേരുന്നവർ ഇത്തരത്തിൽ ആക്രമിക്കപ്പെട്ടുകൂടാ എന്ന ബോധം സമുഹത്തിലാകെ ഉയർന്നു വരണം.

അവരും അവരുടെ കുടുംബാംഗങ്ങളും നിസഹായാവസ്ഥയിൽ എത്തിക്കൂടാ. അവർക്ക് കൈത്താങ്ങ് നൽകാൻ നമുക്കാകെ ഉത്തരവാദിത്തമുണ്ട്. ഇതിന് ജനങ്ങളുടെയാകെ പിന്തുണയുണ്ടാകുമെന്ന് സർക്കാരിന് ബോധ്യമുണ്ട്. നമ്മുടെ നാടിനെയും വരും തലമുറകളെയും ഒരു മഹാവിപത്തിൽ നിന്ന് രക്ഷിക്കാൻ ഒരുമിച്ചു പോരാടാം. തലശേരിയിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button