ദോഹ: ഖത്തർ ലോകകപ്പില്‍ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും നെയ്മറിന്‍റെ ബ്രസീലും ഇന്ന് ആദ്യ പോരാട്ടത്തിനിറങ്ങും. ഇന്ന് രാത്രി 9.30ന് നടക്കുന്ന പോരാട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് ആഫ്രിക്കന്‍ കരുത്തന്‍മാരായ ഘാനയാണ് എതിരാളികള്‍. നേരത്തെ, ഇരുടീമും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ ജയം പോർച്ചുഗലിന് ഒപ്പമായിരുന്നു. 2014 ലോകകപ്പിൽ പോർച്ചുഗൽ ഒന്നിനെതിരെ രണ്ട് ഗോളിന് ഘാനയെ തോൽപിച്ചു.
നാളെ പുലര്‍ച്ചെ 12.30ന് നടക്കുന്ന മത്സരത്തിൽ ബ്രസീല്‍ സെര്‍ബിയെ നേരിടും. ആറാം ലോക കിരീടത്തിനിറങ്ങുന്ന ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ ബ്രസീല്‍ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ 25-ാം സ്ഥാനക്കാരായ സെര്‍ബിയ ആണ് എതിരാളികള്‍. പിഎസ്ജിയിലെ തകർപ്പൻ പ്രകടനം താരം ഖത്തറിലും ആവർത്തിച്ചാൽ ബ്രസീലിനും ആരാധകർക്കും നിരാശപ്പെടേണ്ടി വരില്ല.
കഴിഞ്ഞ ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. അന്ന് 2-0,നായിരുന്നു ബ്രസീലിന്‍റെ വിജയം. തുടര്‍ച്ചയായി 15 മത്സരങ്ങളില്‍ പരാജയമറിയാതെയാണ് ബ്രസീല്‍ ദോഹയിലെത്തിയത്. ഇതില്‍ കഴിഞ്ഞ ഏഴ് മത്സരങ്ങളിലും ജയവും. ഈ മത്സരങ്ങളില്‍ ബ്രസീല്‍ നേടിയത് 26 ഗോളുകള്‍. വാങ്ങിയത് രണ്ടെണ്ണം മാത്രം.
Read Also:- കേരളത്തിൽ വീണ്ടും ബാലവിവാഹം: വരനും വീട്ടുകാർക്കുമെതിരെ കേസെടുത്തു
അതേസമയം, മുന്‍ ചാമ്പ്യന്‍മാരായ യുറുഗ്വേയും ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. ഇന്ത്യൻ സമയം വൈകിട്ട് 6.30ന് നടക്കുന്ന മത്സരത്തില്‍ ദക്ഷിണ കൊറിയയാണ് എതിരാളികൾ. ഇന്ന് 3.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലൻഡ് കാമറൂണിനെ നേരിടും.
Post Your Comments