തിരുവനന്തപുരം: കേരളത്തിലെ ക്ഷീരകർഷകരുടെ പ്രയാസങ്ങൾ പരിഗണിച്ചും ഉത്പ്പാദനോപാധികളുടെ ഗണ്യമായ വില വർദ്ധനവ് കണക്കിലെടുത്തും പാൽവില ലിറ്ററിന് ആറ് രൂപ നിരക്കിൽ വർദ്ധിപ്പിക്കുന്നതിന് തീരുമാനിച്ചതായി മിൽമ ഫെഡറേഷൻ ചെയർമാൻ കെ എസ് മണി. 2022 ഡിസംബർ ഒന്ന് മുതലായിരിക്കും വില വർദ്ധനവ് പ്രാബല്യത്തിൽ വരുന്നത്. 2019 ന് ശേഷം ആദ്യമായാണ് മിൽമ പാലിന്റെ വിൽപ്പന-സംഭരണ വിലകൾ വർദ്ധിപ്പിക്കുന്നത്.
2019 ൽ പാൽ വില ലിറ്ററിന് നാല് രൂപ വർദ്ധിപ്പിച്ചപ്പോൾ വർദ്ധനവിന്റെ 83.75 ശതമാനം അതായത് ലിറ്ററിന് 3.35 രൂപ കർഷകർക്ക് ലഭ്യമാക്കിയിരുന്നു. ഇപ്പോൾ ലിറ്ററിന് ആറ് രൂപ വീതം വർദ്ധിപ്പിക്കുമ്പോഴും കർഷകന് അതേ നിരക്കിലുള്ള വർദ്ധനവ് നൽകുന്ന രീതിയായിരിക്കും സ്വീകരിക്കുക. അതായത് ലിറ്ററിന് ശരാശരി 5.025 രൂപ വർദ്ധനവ് ഉണ്ടാകുമെന്ന് ചെയർമാൻ അറിയിച്ചു.
കേരളത്തിന്റെ പാൽ ഉത്പ്പാദന ചെലവിനെക്കുറിച്ച് പഠിക്കുന്നതിന് കാർഷിക വെറ്റിനറി സർവ്വകലാശാലകളിൽ നിന്നുളള വിദഗ്ധരെ ഉൾപ്പെടുത്തി വിദഗ്ധ സമിതിയ്ക്ക് മിൽമ രൂപം നൽകിയിരുന്നു. ഈ വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോർട്ട് കഴിഞ്ഞയാഴ്ച ലഭിച്ചു. ഇതുപ്രകാരം കർഷകർക്ക് ലിറ്ററിന് 8.57 രൂപ നഷ്ടമുളളതായാണ് കണക്കാക്കിയിട്ടുള്ളത്. റിപ്പോർട്ടിന്റെ ശുപാർശ മിൽമയുടെ ഭരണസമിതി ചർച്ച ചെയ്യുകയും പാൽ വില വർദ്ധനവ് അനിവാര്യമാണെന്ന് തീരുമാനിക്കുകയും ചെയ്തു.
പാൽ വില വർദ്ധിപ്പിക്കുന്നതിനുളള അധികാരം മിൽമയ്ക്കാണെങ്കിലും പാൽവില വർദ്ധനവ് സംബന്ധിച്ചുളള മിൽമ ഭരണസമിതിയുടെ ശുപാർശ സംസ്ഥാന സർക്കാരുമായി ചർച്ചചെയ്ത് ഉചിതമായ വർദ്ധനവ് നടപ്പിലാക്കുകയാണ് ചെയ്യുന്നതെന്ന് ചെയർമാൻ പറഞ്ഞു. ക്ഷീരസഹകരണസംഘങ്ങൾക്കും വിതരണക്കാർക്കും നടപ്പിൽ വരുത്തുന്ന വില വർദ്ധനവിന്റെ 5.75 ശതമാനം വീതവും ക്ഷീരകർഷക ക്ഷേമനിധി ബോർഡിന് വർദ്ധനവിന്റെ 0.75 ശതമാനവും നൽകും. വർദ്ധനവിന്റെ 3.50 ശതമാനം മിൽമയ്ക്കും 0.50 ശതമാനം പ്ലാസ്റ്റിക് നിർമ്മാർജജന ഫണ്ടിലേക്കും വകയിരുത്തുന്നതാണ്.
Read Also: കതിരൂർ മനോജ് വധക്കേസ്: വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റില്ലെന്ന് സുപ്രീം കോടതി
Post Your Comments