ദോഹ: ഖത്തർ ലോകകപ്പിലെ ജർമനിക്കെതിരെ തകർപ്പൻ ജയം നേടിയതിന് പിന്നാലെ ഗാലറിയിലെ പ്രകടനത്തിന് ജപ്പാന്‍ ആരാധകര്‍ക്ക് ലോകത്തിന്‍റെ പ്രശംസ. ഇഷ്ട താരങ്ങള്‍ കളം നിറഞ്ഞ് കളിച്ചതിലുള്ള ആവേശത്തില്‍ വലിച്ചെറിഞ്ഞ കുപ്പികളും മറ്റ് പാഴ് വസ്തുക്കളും നീക്കം ചെയ്ത ശേഷമാണ് ജാപ്പനീസ് ആരാധകര്‍ ഗാലറി വിടുന്നത്.
ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരശേഷവും സമാന സംഭവം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ജർമനിക്കെതിരായ അട്ടിമറി വിജയത്തിനു ശേഷം സ്റ്റേഡിയം വൃത്തിയാക്കി ജാപ്പനീസ് ആരാധകർ. ആഹ്ലാദ പ്രകടനത്തിനു ശേഷം നീലനിറത്തിലുള്ള ഗാർബേജ് ബാഗുമായി സ്റ്റേഡിയത്തിൽ ചിതറിക്കിടന്ന കുപ്പികളും മറ്റുമാണ് ആരാധകർ വൃത്തിയാക്കിയത്.
ഞായറാഴ്ച നടന്ന ഉദ്ഘാടന മത്സരത്തിനുശേഷം സ്റ്റേഡിയം വൃത്തിയാക്കുന്ന ജാപ്പനീസ് ആരാധകരുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. വൃത്തിക്കുവേണ്ടിയുള്ള ജാപ്പാനീസ് സംസ്ക്കാരത്തിനു നിറഞ്ഞ കൈയടിയാണ് നെറ്റിസൺസ് നൽകുന്നത്. അട്ടിമറി വിജയത്തിനു ശേഷം മറ്റേതു രാജ്യക്കാരാണെങ്ങിലും ഇത്തരമൊരു കാഴ്ച ഗ്യാലറിയിൽ കാണാനാവില്ലെന്നാണു ചിത്രത്തിനു ലഭിക്കുന്ന പ്രതികരണത്തിൽ ഏറിയപങ്കും.
ഏഷ്യന്‍ കരുത്തരായ ജപ്പാന്‍റെ പ്രകടനത്തിന് മുന്നില്‍ 2-1ന് മുന്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനി അടിയറവ് പറഞ്ഞിരുന്നു. ഗ്രൂപ്പ് ഇയിലെ പോരാട്ടത്തില്‍ 75 മിനിറ്റുകള്‍ വരെ ഒറ്റ ഗോളിന്‍റെ ലീഡില്‍ തൂങ്ങിയ ജര്‍മനിക്കെതിരെ എട്ട് മിനിറ്റിനിടെ രണ്ട് ഗോളടിച്ച് അട്ടിമറി ജയം സ്വന്തമാക്കുകയായിരുന്നു ജപ്പാന്‍.
Post Your Comments