ബെംഗളൂരു: മംഗളൂരു സ്ഫോടനക്കേസ് പ്രതി ഷാരിക്കിനെ സന്ദര്‍ശിക്കാന്‍ കുടുംബം ആശുപത്രിയിലെത്തി. വന്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട് പോയ ഷാരിക്കിന്റെ കൈവശമുണ്ടായിരുന്ന കുക്കര്‍ ബോംബ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചായിരുന്നു പ്രതിക്ക് പരിക്കേറ്റത്. 45 ശതമാനത്തോളം പൊള്ളലേറ്റ ഷാരിക്ക് മംഗളൂരുവിലെ ഫാദര്‍ മുള്ളര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. ഈ സാഹചര്യത്തിലാണ് പ്രതിയുടെ കുടുംബം ആശുപത്രിയില്‍ എത്തിയത്.
ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മംഗളൂരുവിലെ കങ്കനാഡി പോലീസ് സ്റ്റേഷന്‍ പരിസരത്ത് വെച്ചായിരുന്നു ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പരിക്കേറ്റ യാത്രക്കാരന്‍ ഷാരിക്ക് തന്നെയാണ് സ്ഫോടനത്തിന് പിന്നിലെന്ന് കണ്ടെത്തിയത്.
മംഗളൂരുവിലെ നഗൂരി ബസ് സ്റ്റാന്‍ഡില്‍ വലിയ സ്ഫോടനം നടത്തുകയായിരുന്നു ഷാരിക്കിന്റെ ലക്ഷ്യം. ഇതിനായി എല്ലാവിധ തയ്യാറെടുപ്പുകളും പ്രതി സ്വീകരിച്ചിരുന്നു. ഐഎസിന്റെ അടുത്ത അനുയായിയാണ് ഷാരിക്ക് എന്ന് പോലീസ് കണ്ടെത്തി.
ആക്രമണത്തിന് പദ്ധതിയിട്ട ശേഷം ഒരു പരീക്ഷണ ബോംബ് സ്ഫോടനവും പ്രതി നടത്തിയിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് ബോംബ് പൊട്ടിച്ച് പരീക്ഷണം വിജയകരമാണെന്ന് ഉറപ്പുവരുത്തിയാണ് പ്രതി ആക്രമണത്തിന് മുതിര്‍ന്നത്. എന്നാല്‍ ഷാരിക്ക് സ്വയം തയ്യാറാക്കിയ കുക്കര്‍ ബോംബ് കയ്യിലിരുന്ന് പൊട്ടുകയായിരുന്നു.
ആമസോണ്‍ വഴിയാണ് ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ ഷാരിക്ക് വാങ്ങിയത്. ഇതിനായി കേരളത്തിലെത്തുകയും ചെയ്തു. ആലുവയിലെ വിലാസത്തിലാണ് ഇവ ഓര്‍ഡര്‍ ചെയ്തിരുന്നത്. കേരളത്തിലെത്തി ബോംബ് സാമഗ്രികള്‍ കൈപ്പറ്റിയ ശേഷം മൈസൂരുവിലെ വാടക വീട്ടില്‍ പോയി ബോംബ് നിര്‍മ്മിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പലതവണ പ്രതി കേരളം സന്ദര്‍ശിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ കേരളാ പോലീസും സംഭവത്തില്‍ അന്വേഷണം നടത്തിയേക്കും.
അതേസമയം, ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ഏറ്റെടുത്തേക്കുമെന്നാണ് വിവരം. സ്ഫോടനം നടന്ന സ്ഥലം എന്‍ഐഎ സംഘമെത്തി സന്ദര്‍ശിച്ചിരുന്നു. തീവ്രവാദ ബന്ധം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഉടന്‍ തന്നെ കേസ് ഏറ്റെടുത്തേക്കുമെന്നാണ് സൂചന.
janam
Post Your Comments