ന്യൂഡൽഹി: ശ്രദ്ധ വാൽക്കർ കൊലക്കേസിൽ ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തലുമായി ശ്രദ്ധയുടെ മുംബൈയിലെ വീട്ടിലെ സഹായി പൂനം ബിർലൻ. ഒരിക്കൽ ശ്രദ്ധയെ കണ്ടപ്പോൾ ദേഹം മുഴുവൻ മർദ്ദനമേറ്റ പാടുകളായിരുന്നുവെന്ന് ഇവർ പറയുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ, അഫ്താബ് മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി ശ്രദ്ധ പറഞ്ഞുവെന്നും അവർ വ്യക്തമാക്കി. ഒരിക്കൽ, മാംസഭക്ഷണം കഴിക്കാൻ അഫ്താബ് നിർബന്ധിച്ചു. അപ്പോൾ ശ്രദ്ധ പറ്റില്ലെന്ന് പറഞ്ഞു. ഇതിനെ തുടർന്ന് അഫ്താബ് ശ്രദ്ധയെ മൃഗീയമായി മർദ്ദിച്ചു.
ഇക്കാര്യങ്ങൾ അവൾ തന്നോട് പറഞ്ഞിട്ടുള്ളതായി പൂനം ശ്രദ്ധയുടെ അഭിഭാഷകരോട് പറഞ്ഞു. പലപ്പോഴും അഫ്താബിനെ ഉപേക്ഷിച്ച് പോകാൻ ശ്രദ്ധ തയ്യാറായിരുന്നു. എന്നാൽ അഫ്താബിന്റെ മാതാപിതാക്കൾ അവളെ അതിൽ നിന്നും പിന്തിരിപ്പിക്കുമായിരുന്നു. മകന്റെ തെറ്റിന് മാപ്പ് ചോദിക്കുകയാണെന്നും അവനെ ഉപേക്ഷിക്കരുതെന്നും അവർ പറയുമ്പോൾ ശ്രദ്ധ വഴങ്ങുമായിരുന്നുവെന്നും പൂനം പറഞ്ഞു. അവർക്കും ശ്രദ്ധയുടെ മരണത്തിൽ ഉത്തരവാദിത്തമുണ്ടെന്നും പൂനം ബിർലൻ വെളിപ്പെടുത്തി.
അതേസമയം, വഴക്കിനെ തുടര്‍ന്ന് ഒരിക്കല്‍ നാളുകള്‍ക്ക് ശേഷം സ്വന്തം വീട്ടില്‍ തിരിച്ചെത്തിയെങ്കിലും അഫ്താബ് എത്തി മാപ്പ് പറഞ്ഞതോടെ മകള്‍ തിരികെ പോയെന്നും അച്ഛന്‍ പോലീസിനോട് വെളിപ്പെടുത്തി. അതിനിടെ, കഴിഞ്ഞദിവസം മെഹ്‌റോളി വനമേഖലയില്‍ നടത്തിയ പരിശോധനയില്‍ ഏതാനും മൃതദേഹഭാഗങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു. പ്രതിയുടെ ഫ്‌ളാറ്റില്‍നിന്ന് എല്ലിന്റെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു. കൂടാതെ തല ഒരു കുളത്തിൽ ഉപേക്ഷിച്ചെന്ന് ഇയാൾ വെളിപ്പെടുത്തിയതിനെ തുടർന്ന് പോലീസും മുങ്ങൽ വിദഗ്ധരും തെരച്ചിൽ നടത്തുകയാണ്.
Post Your Comments