വൈക്കം: ജോലിഭാരം താങ്ങാൻ കഴിയാത്തതിനാൽ സ്ഥാനക്കയറ്റം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് നൽകിയ അപേക്ഷ നിരസിച്ചതിൽ മനംനൊന്ത് പ്രധാനാധ്യാപിക ജീവനൊടുക്കി. വൈക്കം പോളശേരി ഗവ.എൽപി സ്കൂളിലെ പ്രധാനാധ്യാപിക മാളിയേക്കൽ പുത്തൻതറ കെ. ശ്രീജയെ (48)യാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിഭാരം മൂലമുണ്ടായ മാനസികസമ്മർദമാണ് ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
വൈക്കം ഗവ. ഗേൾസ് ഹൈസ്കൂളിൽ അധ്യാപികയായിരുന്ന ശ്രീജയ്ക്ക് ജൂൺ ഒന്നിനാണ് കീഴൂർ ജി.എൽ.പി.എസിൽ പ്രധാനാധ്യാപിക ആയി സ്ഥാനക്കയറ്റം ലഭിച്ചത്. പിറ്റേന്ന് ജോലിയിൽ പ്രവേശിച്ചെങ്കിലും കൂടുതൽ ഉത്തരവാദിത്തമുള്ള ജോലിയുടെ സമ്മർദം താങ്ങാൻ കഴിയാത്തതിനാൽ അവധിയിൽ പ്രവേശിച്ചു.
തുടർന്ന് ഭർത്താവ് രോഗിയാണെന്നുള്ള കാരണം ചൂണ്ടിക്കാട്ടി സ്ഥാനക്കയറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ ഏഴിന് വിദ്യാഭ്യാസ മന്ത്രിക്ക് അപേക്ഷ നൽകി. വൈക്കം മേഖലയിൽ മുൻപ് ജോലി ചെയ്തിരുന്ന സ്കൂളിൽ അധ്യാപികയായിത്തന്നെ നിയമിക്കണമെന്നായിരുന്നു ആവശ്യം. അപേക്ഷ പരിഗണിക്കാൻ ചട്ടങ്ങളിൽ വ്യവസ്ഥയില്ലെന്ന് കുറവിലങ്ങാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീജയ്ക്കു മറുപടി നൽകി. ഇതിലുള്ള മനോവിഷമമാണ് ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.
സംഭവത്തിൽ വൈക്കം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭർത്താവ് രമേശ് കുമാർ വൈക്കം മുൻസിഫ് കോടതി ജോലിക്കാരനാണ്. മകൻ: കാർത്തിക്. സംസ്കാരം നടത്തി.
Post Your Comments