തിരുവനന്തപുരം: ലോക മത്സ്യബന്ധന ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന മത്സ്യത്തൊഴിലാളി സംഗമം തിങ്കളാഴ്ച്ച വൈകിട്ട് 3.30നു തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കും. ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികൾ പങ്കെടുക്കുന്ന സംഗമം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
ലോക മത്സ്യബന്ധന ദിനാഘോഷത്തിന്റെ ഭാഗമായി സമുദ്ര ആവാസവ്യവസ്ഥയുടെ ആരോഗ്യപൂർണമായ പരിരക്ഷ, മത്സ്യസമ്പത്തിന്റെ സുസ്ഥിരത, മത്സ്യത്തൊഴിലാളി ക്ഷേമം, മത്സ്യകൃഷി പ്രോത്സാഹനം എന്നിവ ലക്ഷ്യമിട്ട് നവംബർ 18 മുതൽ പുത്തരിക്കണ്ടം മൈതാനത്ത് മത്സ്യോത്സവം 2022 നടന്നുവരികയാണ്. ഇതിന്റെ സമാപനവും മത്സ്യത്തൊഴിലാളി സംഗമ വേദിയിൽ നടക്കും. പരിപാടിയുടെ ഭാഗമായി ഉച്ചകഴിഞ്ഞു രണ്ടിനു കേരള മത്സ്യബന്ധന നിയമവും കേന്ദ്ര മത്സ്യബന്ധന നിയമവും, കടൽ രക്ഷാ പ്രവർത്തനം, കടൽ സുരക്ഷ എന്നീ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്. ഓരോ വിഷയത്തിലും വിദഗ്ധർ ക്ലാസെടുക്കും.
മത്സ്യത്തൊഴിലാളി സംഗമത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ധനസഹായം വിതരണം ചെയ്യും. ശശി തരൂർ എംപി, മേയർ ആര്യ രാജേന്ദ്രൻ, പി.പി. ചിത്തരഞ്ജൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, മത്സ്യബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, കൗൺസിലർ സിമി ജ്യോതിഷ്, മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കൾ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
Post Your Comments