തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ തിരുവനന്തപുരം നഗരസഭയിൽ പ്രതിഷേധം. കത്ത് വിവാദം ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ ചേരുന്നതിനിടെയാണ് മേയർ ആര്യാ രാജേന്ദ്രനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി എത്തിയത്. ബാനറുകളും പ്ലക്കാർഡുകളുമായി പ്രതിപക്ഷ കൗൺസിലർമാർ നടുത്തളത്തിലിരുന്ന് പ്രതിഷേധിക്കുകയാണ്.
ആര്യ രാജേന്ദ്രൻ യോഗത്തിൻറെ അധ്യക്ഷത വഹിക്കരുതെന്നാണ് ആവശ്യം. യുഡിഎഫ്-ബിജെപി കൗൺസിലർമാർ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയാണ്. കരിങ്കൊടിയും ബാനറും ഉയർത്തി മേയർക്ക് നേരെ ഗോ ബാക്ക് വിളികളുമായി പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയാണ്. എൽഡിഎഫ്-യുഡിഎഫ് കൗൺസിലർമാർ തമ്മിൽ ഇതിനിടെ കയ്യാങ്കളിയുമുണ്ടായി.
കത്ത് വിവാദത്തിൽ സ്‌പെഷ്യൽ കൗൺസിൽ യോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യമനുസരിച്ചാണ് മേയർ യോഗം വിളിക്കാൻ അനുമതി നൽകിയത്. എന്നാൽ കൗൺസിൽ യോഗത്തിൽ മേയർ അധ്യക്ഷത വഹിക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും യുഡിഎഫ്-ബിജെപി കൗൺസിലർമാരുടെ ആവശ്യം മേയർ തള്ളുകയായിരുന്നു. മേയർ അധ്യക്ഷത വഹിച്ചാൽ യോഗം ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ് കൗൺസിലർമാർ അറിയിച്ചു.
‘അഴിമതി മേയർ ഗോ ബാക്ക്’ എന്നെഴുതിയ ബാനറുമായാണ് പ്രതിഷേധം. പ്രതിഷേധക്കാർ മേയർക്കുനേരെ കരിങ്കൊടി കാണിച്ചു. അതേ സമയം ‘നമ്മൾ മേയർക്കൊപ്പം’ എന്ന ബാനറുമായി ഭരണപക്ഷ കൗൺസിലർമാരും രംഗത്തുണ്ട്. പ്രതിപക്ഷം എന്തുകൊണ്ട് ചർച്ചയ്ക്ക് തയ്യാറാകുന്നില്ലെന്ന് ഭരണപക്ഷം ചോദിച്ചു. നഗരസഭയ്ക്ക് മുന്നിൽ മേയറുടെ രാജി ആവശ്യപ്പെട്ടുള്ള യുഡിഎഫ്, ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം തുടരുകയാണ്.
Post Your Comments