കണമല: ബ്രേക്ക് തകരാറിലായ തീർത്ഥാടക ബസ് വേഗം വർധിക്കും മുമ്പ് മുന്നിലുള്ള കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചു നിന്നതു മൂലം വൻഅപകടം ഒഴിവായി. കെ.എസ്.ആർ.ടി.സി ബസ് നിർത്തിക്കൊടുത്ത് അപകടം ഒഴിവാക്കുകയായിരുന്നു.
ഇന്നലെ രാവിലെ കണമല ഇറക്കത്തിൽ ആണ് സംഭവം. പിന്നിൽ നിയന്ത്രണം വിട്ട് ബസ് എത്തുന്നത് അറിഞ്ഞ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ ബസ് നിർത്തി. ഇതോടെ പുറകിലുണ്ടായിരുന്ന നിയന്ത്രണം തെറ്റിയ ബസ് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചുനിന്നു. ഇങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ കുത്തിറക്കത്തിലെ വളവിൽ ബസ് മറിഞ്ഞ് വൻ അപകടം സംഭവിക്കുമായിരുന്നു. വളവ് മറികടന്ന് എത്തിയാൽ കണമല ജംഗ്ഷനാണ്. ഇവിടെയും അപകടമുണ്ടാകും. ഇത് ഒഴിവാക്കാൻ കെ.എസ്.ആർ.ടി.സി ബസ് തടസമായി നിർത്തിയിട്ടത് മൂലം സാധ്യമായി.
Read Also : വിറക് ചോദിച്ചെത്തി : ആളില്ലെന്ന് കണ്ട് വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
തീർത്ഥാടക ബസിന് തടസമായി കെ.എസ്.ആർ.ടി.സി ബസ് നിർത്തിയിടാൻ ഡ്രൈവർ കാട്ടിയ തന്റേടത്തെ പൊലീസും നാട്ടുകാരും അഭിനന്ദിച്ചു. ഇടിച്ചുനിന്നതുമൂലം കെ.എസ്.ആർ.ടി.സി ബസിന് കേടുപാടുകളുണ്ടായി. ഇടിയുടെ ആഘാതത്തിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം തെറ്റി പോകാതിരിക്കാൻ ബ്രേക്കിട്ട് നിയന്ത്രിച്ചാണ് ബസ് നിർത്തിയിട്ടതെന്ന് ഡ്രൈവർ പറഞ്ഞു.
കെ.എസ്.ആർ.ടി.സി ബസിന്റെ കേടുപാടുകൾ പരിഹരിക്കാനുള്ള തുക തീർത്ഥാടക ബസ് അധികൃതർ നൽകി നഷ്ടം പരിഹരിച്ചു. എറണാകുളത്തുനിന്ന് എരുമേലി വഴി പമ്പയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്പെഷൽ സർവീസ് ബസിലെ ജീവനക്കാരാണ് അപകടമൊഴിവാക്കാൻ ബസ് നിർത്തി സഹായിച്ചത്.
Post Your Comments