ദോഹ: പരിക്കേറ്റ സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനെ ലോകകപ്പില്‍ നിന്ന് പുറത്ത്. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കിനായി കളിക്കുമ്പോള്‍ പരിക്കേറ്റ മാനെയെ ഉള്‍പ്പെടുത്തിയാണ് സെനഗല്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചിരുന്നത്. ലോകകപ്പ് നോക്കൗട്ട് ഘട്ടമാവുമ്പോഴേക്കെങ്കിലും പരിക്ക് ഭേദമാകുമെന്ന പ്രതീക്ഷയിലായിരുന്നു.
എന്നാല്‍, പരിക്ക് മാറാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് വ്യാഴാഴ്ച നടത്തിയ എംആര്‍ഐ സ്കാനിംഗില്‍ വ്യക്തമായതോടെ മാനെ ലോകകപ്പില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ജര്‍മന്‍ ലീഗില്‍ വെര്‍ഡര്‍ ബ്രെമ്മനെതിരായ ബയേണ്‍ മ്യൂണിക്കിന്‍റെ മത്സരത്തിനിടെയാണ് മാനെയുടെ കാലിന് പരിക്കേറ്റത്.
ആദ്യം പരിക്ക് സാരമുള്ളതല്ലെന്നയിരുന്നുവെന്നും എന്നാൽ, കടുത്ത വേദനയും നീര്‍ക്കെട്ടും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് പരിക്ക് മാറാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് വ്യക്തമായത്. നിര്‍ഭാഗ്യവശാല്‍, എംആര്‍ഐ സ്കാനിംഗിന്‍റെ ഫലം അനുകൂലമല്ലാത്തതിനാലും പരിക്ക് മാറാന്‍ കൂടുതല്‍ സമയമെടുക്കുമെന്നതിനാലും മാനെക്ക് ലോകകപ്പില്‍ കളിക്കാനാവില്ലെന്ന് സെനഗല്‍ ടീം ഡോക്ടര്‍ മാന്യുവല്‍ അഫോന്‍സോ പറഞ്ഞു.
ലോകകപ്പില്‍ ആഫ്രിക്കയുടെ ഏറ്റവും വലിയ പ്രതീക്ഷയായ സെനഗലിന് കനത്ത തിരിച്ചടിയാണ് മാനെയുടെ പിന്മാറ്റം. അതേസമയം, മാനെയുടെ പകരക്കാരനെ പരിശീലകന്‍ അലിയു സിസെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Post Your Comments