
കൊച്ചി: കൊച്ചിയില്‍ മൂന്ന് വയസുകാരന്‍ ഓടയില്‍ വീണ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിന് എതിരെ വ്യാപക വിമര്‍ശനം. ഏഴുവയസുകാരനെ ഉടുപ്പിടാതെ നിലത്ത് കിടത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഏഴ് വയസുകാരന്റെ മേല്‍ പ്ലാസ്റ്റിക്കും ചുള്ളിക്കമ്പും ഇട്ട് അമ്മയുടെ അടുക്കലാണ് കിടത്തിയത്.
അതേസമയം, നിയമ പ്രശ്‌നങ്ങള്‍ അറിഞ്ഞ് തന്നെയാണ് കുട്ടിയെ സമരത്തിന് കൊണ്ടുവന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇതിന് മുമ്പ് വാട്ടര്‍ അതോറിറ്റി സമരത്തില്‍ ഇതേ കുട്ടിയെ വെള്ളത്തില്‍ കുളിപ്പിച്ച് സമരം ചെയ്യിച്ചിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. ഒരു മണിക്കൂര്‍ സമയമാണ് കോര്‍പ്പറേഷന്‍ കവാടത്തില്‍ കുട്ടിയെ കിടത്തിയത്.
കൊച്ചി പനമ്പിള്ളി നഗറില്‍ തുറന്ന് കിടക്കുന്ന കാനയില്‍ വീണ് മൂന്ന് വയസ്സുകാരന് ഇന്നലെയാണ് പരിക്കേറ്റത്. പത്ത് വര്‍ഷമായി കൊച്ചിയില്‍ താമസിക്കുന്ന കോട്ടയം സ്വദേശികളായ ഹര്‍ഷന്റെയും ആതിരയുടെയും മകനാണ് മെട്രോ നഗരത്തില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. വീഴ്ചയില്‍ കുഞ്ഞിന്റെ തലയ്ക്ക് പരിക്കുണ്ട്. അഴുക്കുവെള്ളം കയറിയതിനാല്‍ നെഞ്ചില്‍ അണുബാധയുടെ ലക്ഷണങ്ങളുമുണ്ട്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിലാണ് കുഞ്ഞ്.
ചെളിവെള്ളത്തില്‍ മൂക്കറ്റം മുങ്ങിയ കുരുന്നിനെ അമ്മയുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടല്‍ മൂലമാണ് രക്ഷിക്കാനായത്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനാണ് തോടിന് മുകളില്‍ സ്ലാബിടാത്തതെന്നാണ് കോര്‍പ്പറേഷന്‍ പറയുന്നത്. പ്രശ്‌നപരിഹാരത്തിന് പല പദ്ധതികളും അവതരിപ്പിച്ചെങ്കിലും ഫണ്ടില്ലെന്ന കാരണം പറഞ്ഞ് കോര്‍പ്പറേഷന്‍ മുടക്കിയെന്നും കൗണ്‍സിലര്‍ പറയുന്നു.
Post Your Comments