കായംകുളം: ഹോട്ടൽ ജീവനക്കാരനായ യുവാവിനെ വധിക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. ഒന്നാം പ്രതി പത്തിയൂർ എരുവ കിഴക്ക് പുല്ലംപ്ലാവിൽ ചെമ്പക നിവാസിൽ ചിന്തു എന്നു വിളിക്കുന്ന അമൽ (23), രണ്ടാം പ്രതി പത്തിയൂർ കിഴക്ക് കൊല്ലാശേരി തറയിൽ രാഹുൽ (29) എന്നിവരാണ് പിടിയിലായത്.
എരുവ ഒറ്റത്തെങ്ങ് ജംഗ്ഷന് സമീപം ഹോട്ടൽ ജോലിക്കാരനായ യുവാവിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച കേസിലാണ് കുപ്രസിദ്ധ ഗുണ്ട ഉൾപ്പെടെ രണ്ടു പ്രതികൾ അറസ്റ്റിലായത്. കേസിലെ മൂന്നാം പ്രതിയായ പത്തിയൂർ എരുവ കൊച്ചുകളീക്കൽ രാജേഷ് (32) നേരത്തേ പൊലീസ് പിടിയിലായിരുന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഒന്നും രണ്ടും പ്രതികൾ ഒളിവിലായിരുന്നു. അന്വേഷണം നടത്തിവരവേ തൃശൂർ കൊടകര ഭാഗത്ത് ഉള്ളതായി വിവരം ലഭിക്കുകയും പൊലീസ് സംഘം അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. രണ്ടുപേരും കൊലപാതകശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ്ഐ ശ്രീകുമാർ, പൊലീസുകാരായ രാജേന്ദ്രൻ, ദീപക്, ഷാജഹാൻ, വിഷ്ണു, ശ്രീരാജ്, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments