Latest NewsKeralaNews

റവന്യൂ വകുപ്പ് സ്മാർട്ടാകും, കൂടുതൽ ജനകീയവും: മന്ത്രി കെ.രാജൻ

തൃശ്ശൂര്‍: റവന്യൂ വകുപ്പിനെ ആശ്രയിച്ചെത്തുന്ന ചെറുതും വലുതുമായ എല്ലാ അപേക്ഷകൾക്കും അതിവേഗം തീർപ്പ് കൽപ്പിച്ച് കൂടുതൽ ജനകീയമാക്കുമെന്നും വകുപ്പിനെ കൂടുതൽ സുതാര്യമാക്കി അഴിമതിരഹിതമെന്ന ലക്ഷ്യം കൈവരിക്കുമെന്നും റവന്യൂ മന്ത്രി കെ രാജൻ.

റീബിൽഡ് കേരള പദ്ധതി പ്രകാരം നിർമ്മാണം പൂർത്തീകരിച്ച കൊടുങ്ങല്ലൂർ താലൂക്കിലെ അഴീക്കോട് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ ഗവൺമെന്റിന്റെ അഞ്ചുവർഷ കാലയളവിൽ 1,71,000 പട്ടയങ്ങൾ വിതരണം ചെയ്തു. ഇത്തവണ കേരളത്തിലെ തീരദേശം ഉൾപ്പെടെ സർവ്വേ നടപടികൾ അതിവേഗം പൂർത്തീകരിച്ച് ഒരു വർഷക്കാലയളവിൽ 54,535 പട്ടയങ്ങളാണ് വിതരണം ചെയ്തത്. സംസ്ഥാനത്തെ എല്ലാ സാധാരണക്കാരെയും ഭൂഉടമകളാക്കുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള പരിശ്രമത്തിലാണ് റവന്യൂ വകുപ്പ്. അതിനായാണ് വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കി കൂടുതൽ ജനകീയമാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഈ വർഷം 24 പുതിയ വില്ലേജ് ഓഫീസുകളാണ് നിർമ്മാണം പൂർത്തിയാകുന്നത്. കെട്ടിടം സ്മാർട്ട് ആകുന്നതിനോടൊപ്പം സേവനങ്ങളും സേവനം നൽകുന്നവരും സ്മാർട്ട് ആകണം. പുതിയ കാലത്തിനനുസരിച്ച് മാറ്റം ഉൾക്കൊണ്ട് മുന്നോട്ട് പോകേണ്ടത് അനിവാര്യമാണെന്ന് ജില്ലാ കളക്ടർ ഹരിത വി കുമാർ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.

ഭിന്നശേഷി സൗഹൃദമായ അഴീക്കോട് സ്മാർട്ട് വില്ലേജ് ഓഫീസിനായി 44 ലക്ഷം രൂപയാണ് ചിലവഴിച്ചത്.

അഴീക്കോട് വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ടൈസൺ മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിച്ചു. എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജൻ, വൈസ് പ്രസിഡന്റ് പ്രസീന റാഫി, സംസ്ഥാന നിർമ്മിതി കേന്ദ്രം റീജിയണൽ എൻജിനീയർ സതീദേവി എം.എ, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button