KeralaNews

യുവതിയെ പീഡിപ്പിക്കാന്‍ സിഐയ്ക്ക് ഒത്താശ ചെയ്തത് ഉന്നത പൊലീസ്, രാഷ്ട്രീയ ബന്ധങ്ങളുള്ള തിരുവനന്തപുരം സ്വദേശി

കേസില്‍നിന്ന് രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഭര്‍ത്താവിന്റെ മറ്റൊരു സുഹൃത്തായ ശശി പരാതിക്കാരിയെ സമീപിച്ചത്

കൊച്ചി: ഉന്നത പൊലീസ്, രാഷ്ട്രീയ ബന്ധങ്ങളുള്ള തിരുവനന്തപുരം സ്വദേശി ശശിയാണ് തൃക്കാക്കരയിലെ പീഡനങ്ങളുടെ ആസൂത്രകനെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
ഇയാള്‍ വഴിയാണ് സി.ഐ ഉള്‍പ്പെടെ പരാതിക്കാരിയെ പീഡിപ്പിച്ചത്. പരാതിയില്‍ പറയുന്ന കണ്ടാലറിയാവുന്ന രണ്ടുപേര്‍ ഉന്നതരാണെന്നാണ് സൂചന. കേസില്‍ ജാമ്യത്തിലിറങ്ങിയ ഭര്‍ത്താവിനോട് യുവതി പീഡനവിവരം പറഞ്ഞതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. കൊല്ലം സ്വദേശിയാണ് ഭര്‍ത്താവ്. ഇയാളുടെ രണ്ടാം ഭാര്യയാണ് കൊച്ചി സ്വദേശിയായ പരാതിക്കാരി.

Read Also: പാരാ ഗ്ലൈഡിങ്ങിനിടെ മരിച്ച സൈനികന്റെ വീട് മന്ത്രി കെ രാജൻ സന്ദർശിച്ചു

പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപയിലേറെ തട്ടിയെടുത്തെന്ന പരാതിയിലാണ് മുന്‍ പട്ടാളക്കാരനെയും സുഹൃത്തിനെയും അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്. കേസില്‍നിന്ന് രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഭര്‍ത്താവിന്റെ മറ്റൊരു സുഹൃത്തായ ശശി പരാതിക്കാരിയെ സമീപിച്ചത്. തുടര്‍ന്നാണ് സി.ഐ സുനു, പ്രതികളായ രാജീവ്, മറ്റൊരാള്‍ എന്നിവരെ ഒന്നാം പ്രതി വിജയലക്ഷ്മി കഴിഞ്ഞ മേയില്‍ തൃക്കാക്കരയിലെ വാടകവീട്ടില്‍ എത്തിച്ചത്. വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ വച്ച് ഇവരും ആഗസ്റ്റ് 30ന് ക്ഷേത്ര ജീവനക്കാരന്‍ അഭിലാഷും മറ്റു രണ്ടുപേരും മാനഭംഗപ്പെടുത്തി എന്നാണ് പരാതിക്കാരി നല്‍കിയ മൊഴി.

പരാതിയിലെ അവ്യക്തതകളാണ് സി.ഐയുടെ അറസ്റ്റ് വൈകാന്‍ കാരണമെന്നാണ് സൂചന. കഴിഞ്ഞ മേയില്‍ മാനഭംഗം ചെയ്തതായി പറയുന്ന ദിവസം പരാതിയിലും മൊഴിയിലും വ്യക്തമല്ല. പീഡിപ്പിച്ചതായി സി.ഐ സമ്മതിച്ചിട്ടില്ല. പീഡനം നടന്ന ദിവസം വ്യക്തമാകുകയും അന്ന് പ്രതി കൊച്ചിയില്‍ ഉണ്ടായിരുന്നോയെന്ന് സ്ഥിരീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. കൊച്ചിയില്‍ മുളവുകാട്, ചേരാനല്ലൂര്‍ സ്റ്റേഷനുകളില്‍ എസ്.ഐയായി സുനു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇക്കാലത്താണ് ശശിയുമായി അടുപ്പമായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button