കൊച്ചി: കൊല്ലം കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പോലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ച സംഭവത്തിൽ എഫ്.ഐ.ആർ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. അന്വേഷണം പൂർത്തിയായ ശേഷം മാത്രമാണ് എഫ്.ഐ.ആർ റദ്ദാക്കുന്നത് പരിഗണിക്കുകയെന്നും കോടതി വ്യക്തമാക്കി. സൈനികനായ വിഷ്ണുവും സഹോദരൻ വിഘ്‌നേഷും നൽകിയ ഹർജിയിൽ ഇടക്കാല ഉത്തരവും കോടതി പുറപ്പെടുവിച്ചിട്ടില്ല. ഇരുവർക്കും പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും ഹൈക്കോടതി പരിഗണിച്ചില്ല. മൂന്ന് ആഴ്ചയ്‌ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.
പോലീസ് കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് സഹോദരങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഈ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സഹോദരങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്. മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിൽ വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
സൈനിക കൂട്ടായ്മയായ അനന്തപുരി സോൾജിയേഴ്സിന്റെ ലീഗൽ അഡ്‌വൈസറായ അഡ്വക്കേറ്റ് അനിൽ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സഹോദരങ്ങൾക്കായി ഹൈക്കോടതിയിൽ ഹാജരായത്.
Post Your Comments