തിരുവനന്തപുരം: ഭരണത്തിലിരുന്ന് സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കമാണ് ഇടതുമുന്നണിയുടെ രാജ്ഭവൻ ഘരാവോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതി, സ്വജനപക്ഷബാധം, സ്വർണക്കടത്ത് കേസ്, വിലക്കയറ്റം എന്നിവയിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണിത്. ഗവർണറുടെ നിലപാടിനെ ശരിവയ്ക്കുന്നതാണ് ഇന്നലെയുണ്ടായ ഹൈക്കോടതി വിധിയെന്നും അദ്ദേഹം വ്യക്തമാക്കി.
വൈസ് ചാൻസലർമാരെ നിയമിക്കുന്നത് സംബന്ധിച്ച് ചാൻസലർക്കുള്ള അധികാരം ഈ വിധി വ്യക്തമാക്കുന്നു. കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സർക്കാരിന് തിരിച്ചടിയാണ്. മറ്റുവിസിമാരുടെ കാര്യത്തിലും ഇത് നിർണായകമാകും. ഗവർണർക്കെതിരായ സർക്കാരിന്റെ നീക്കം അപലപനീയമാണ്. എന്നാൽ സമരത്തിൽ പങ്കെടുക്കാൻ സർക്കാർ ജീവനക്കാരെ ആഹ്വാനം ചെയ്തുകൊണ്ടുള്ള നടപടി അംഗീകരിക്കാൻ കഴിയില്ല. ഇതുസംബന്ധിച്ച് ആലോചനായോഗങ്ങൾ നടന്നു കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രജിസ്റ്ററിൽ ഒപ്പിട്ട് ഗവർണക്കെതിരായുള്ള സമരത്തിൽ സർക്കാർ ജീവനക്കാർ പങ്കെടുത്താൽ അതിനെ നിയമപരമായി നേരിടും. മുഖ്യമന്ത്രിയും, മന്ത്രിമാരും മാർച്ചിൽ പങ്കെടുക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. അവരെ നിയമിച്ചയാളാണല്ലോ ഗവർണർ. എന്നാൽ, ഗോവിന്ദനും, കാനത്തിനും പങ്കെടുക്കാം. രാഷ്ട്രീയസമരമാണല്ലോയെന്നും അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികളെ സമരത്തിൽ പങ്കെടുപ്പിക്കുവാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതും നിയമവിരുദ്ധമാണ്. കേന്ദ്ര സർക്കാരിന്റെ ശമ്പളവും വാങ്ങി ഗവർണർക്കെതിരായുള്ള മാർച്ചിൽ പങ്കെടുത്താൽ തൊഴിലാളികൾക്ക് മാത്രമല്ല അതിന് മേലെയുള്ള ഉദ്യോഗസ്ഥർക്കെതിരെയും നിയമ നടപടി സ്വീകരിക്കും. ഇതുസംബന്ധിച്ച് ബിജെപി ചീഫ് സെക്രട്ടറിക്ക് വിശദമായ കത്ത് നൽകിയിട്ടുണ്ട്. അനുകൂല നടപടി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: മൂന്ന് പാർപ്പിട മേഖലകളിലെ ആഭ്യന്തര റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി: അറിയിപ്പുമായി ആർടിഎ
Post Your Comments