കൊച്ചി: സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോരിനിടെ സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) വൈസ് ചാന്‍സലറായി ഡോ.കെ.റിജി ജോണിനെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. യുജിസി മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായിട്ടാണ് നിയമനം എന്നാരോപിച്ച് വിസി നിയമന പട്ടികയില്‍ ഉണ്ടായിരുന്ന എറണാകുളം കടവന്ത്ര സ്വദേശിയായ ഡോ.കെ.കെ വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. യുജിസി ചട്ടപ്രകാരം പുതിയ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു നടപടിയെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
വിസി നിയമനം സംബന്ധിച്ച് ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് നടക്കുന്നതിനിടെ ഏറെ നിര്‍ണായകമാണ് ഹൈക്കോടതി വിധി. വിസി സ്ഥാനത്തുനിന്നും പുറത്താക്കാതിരിക്കാന്‍ കുഫോസ് വിസിക്കും ഗവര്‍ണര്‍ കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. ഹൈക്കോടതി വിധി, കാരണം കാണിക്കല്‍ നോട്ടിസ് ലഭിച്ച മറ്റു വിസിമാരുടെ കാര്യത്തിലും ഏറെ നിര്‍ണായകമാണ്.
സേര്‍ച്ച് കമ്മിറ്റി ഏകകണ്ഠമായി ഡോ.കെ.റിജി ജോണിന്റെ പേര് നിര്‍ദേശിച്ചതു സര്‍വകലാശാല നിയമത്തിന് വിരുദ്ധമാണെന്നും അക്കാദമിക യോഗ്യതയില്ലാത്തവരാണ് സേര്‍ച്ച് കമ്മിറ്റിയിലുണ്ടായിരുന്നതെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. മൂന്നു പേര്‍ ഉള്‍പ്പെടുന്ന പട്ടികയാണ് സേര്‍ച്ച് കമ്മിറ്റി നല്‍കേണ്ടത്. ഒറ്റപേരു മാത്രം നല്‍കിയത് നിയമ വിരുദ്ധമാണെന്നു ഹര്‍ജിക്കാര്‍ വാദിച്ചു. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.
Post Your Comments