Latest NewsKerala

കേരളത്തിലെ ക്രമസമാധാനം നിയന്ത്രിക്കുന്നത് 744 ക്രിമിനലുകൾ: പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാനം കയ്യാളുന്ന പൊലീസ് സേനയെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. മാലമോഷണം മുതൽ കൂട്ടബലാത്സം​ഗത്തിൽ വരെ പ്രതികളാകുന്ന പൊലീസുകാരുടെ പട്ടിക ഓരോ ദിവസവും നീളുകയാണ്. ഇപ്പോഴിതാ, സംസ്ഥാന പൊലീസ് സേനയിൽ 744 ക്രിമിനൽ കേസ് പ്രതികളുണ്ടെന്നാണ റിപ്പോർട്ടുകളാണ് മാധ്യമങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. കേരള കൗമുദിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പൊലീസ് സേനയിലിരിക്കേ ക്രമിനൽ കേസുകളിൽപ്പെട്ട് ശിക്ഷിക്കപ്പെട്ട 18പേരെ പിരിച്ചുവിട്ടിട്ടുണ്ട്. 691ഉദ്യോഗസ്ഥർ വകുപ്പുതല അന്വേഷണത്തിലാണ്. കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കൽ, ലൈംഗിക പീഡനം, കസ്റ്റഡി മരണം, സ്ത്രീധന പീഡനം തുടങ്ങിയ ഗുരുതരമായ കേസുകളിലെ പ്രതികളും ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. പീഡനക്കേസുകളിൽ പ്രതികളായ 65 പൊലീസുകാർ സേനയ്ക്കുള്ളിലുണ്ട്.

ഇതിനിടെ ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ ഗുരുതര കു​റ്റകൃത്യങ്ങളിൽ പ്രതികളായ 59 പൊലീസുകാരുടെ മറ്റൊരു പട്ടികയുമുണ്ട്. സസ്പെൻഷൻ, നല്ലനടപ്പ്, സ്ഥലംമാറ്റം എന്നിങ്ങനെ നിസാര ശിക്ഷകളായി നടപടികൾ ഒതുങ്ങുകയാണ് ചെയ്യുന്നത്. ചിലപ്പോൾ ആറുമാസത്തെ സസ്പെൻഷൻ ലഭിക്കും. അതിനുശേഷം ഇത്തരക്കാർ വീണ്ടും പൊലീസിൻ്റെ ഭാഗമായി മാറും. ഇത്തരം കേസുകളിൽപ്പെടുന്നവർക്ക് നേരത്തെ ക്രമസമാധാനച്ചുമതല നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ അങ്ങനെയൊരു സംവിധാനമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

നിയമസഭാ രേഖകൾ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇവരാണ് യഥാർത്ഥത്തിൽ ആഭ്യന്തര വകുപ്പ് ഭരിക്കുന്നതെന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. പൊലീസ് സേനയിൽ വെറും ഒന്നര ശതമാനം മാത്രമുള്ള ഈ ക്രിമിനലുകളാണ് സേനയുടെ അന്തസ്സ് കളയുന്നതും. ചില പൊലീസുകാരുടെ ദുഷ്പ്രവൃത്തികൾമൂലം സർക്കാരിന് തലകുനിക്കേണ്ട സ്ഥിതി വരുന്നുവെന്ന് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിരിക്കുന്നു. എന്നാൽ ഇത്തരക്കാർ എങ്ങനെ പൊലീസ് സേനയിൽ തുടരുന്നുവെന്നുള്ള ചോദ്യമാണ് ആഭ്യന്തര മന്ത്രിക്ക് എതിരെ ഉയരുന്നതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button