കൊച്ചി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഒരേസമയം സിപിഎമ്മിന്‍റെയും കോൺഗ്രസിന്‍റെയും ജനറൽ സെക്രട്ടറിയാണെന്ന എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശിന്‍റെ പ്രസ്താവനയെ ട്രോളി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. ഒരേസമയം രണ്ട് വീട്ടിലെ വാഷിങ്ങ് മെഷീനാകാൻ അവസരം ലഭിച്ച യെച്ചൂരി എന്ത് ഭാഗ്യവാനാണെന്ന് സംഹീപ് പരിഹസിച്ചു.
കോണ്‍ഗ്രസില്‍ യെച്ചൂരിക്ക് ഏറെ സ്വാധീനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ ഐക്യത്തിന്‍റെ അനിവാര്യത ചൂണ്ടിക്കാട്ടുന്നതിനിടെയാണ് സിപിഎം ജനറൽ സെക്രട്ടറി യെച്ചൂരിയെയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയെയും ജയറാം രമേശ് പ്രശംസിച്ചത്. കേരളത്തില്‍ തര്‍ക്കിക്കാം എന്നാല്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒന്നിച്ചുനില്‍ക്കണമെന്നും ജയറാം രമേശ് പറഞ്ഞു. ആർ എസ് പി ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാറിൽ സംസാരിക്കവെയായിരുന്നു ജയറാം രമേശിന്റെ പ്രസ്താവന.
സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
യെച്ചൂരി ഒരേ സമയം കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ജനറൽ സെക്രട്ടറി ആണെന്ന് ജയറാം രമേശ് . കോൺഗ്രസ്സിൽ സിപിഎമ്മിൽ ഉള്ളതിനേക്കാൾ സ്വാധീനം യെച്ചൂരിക്കുണ്ടെന്നും ജയറാം രമേശ് . ഒരേ സമയം രണ്ട് വീട്ടിലെ വാഷിങ്ങ് മെഷീനാകാൻ അവസരം ലഭിച്ച യെച്ചൂരി എന്ത് ഭാഗ്യവാനാണ് ? ഇനിയും എന്തിനാണ് ഈ സതീശനും സുധാകരനുമൊക്കെ ഇവിടെ കിടന്ന് പിണറായിക്കെതിരെ ബോഡി വിത്ത് മസിൽ ഷോ കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ല . ഹൈക്കമാന്റിന് നിങ്ങളെയല്ല സിപിഎം ജനറൽ സെക്രട്ടറിയെ ആണ് വിശ്വാസം .
കോൺഗ്രസ് ചെന്ന് പെട്ട ഒരവസ്ഥ നോക്കൂ . തമിഴ്‌നാട്ടിൽ രാജീവ് വധത്തിന് ഉത്തരവാദികളായ തീവ്രവാദികൾ സഖ്യ കക്ഷിയായ തീമൂക്കയുടെ സഹായത്തോടെ പുറത്തിറങ്ങി നടക്കാൻ പോകുന്നു . ഒരക്ഷരം മിണ്ടാൻ കോൺഗ്രസ്സ് നേതൃത്വത്തിന് കഴിയുന്നില്ല . തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പ്രചാരണത്തിന് പോലും ദേശീയ നേതാക്കളില്ല . കോൺഗ്രസ്സ് പ്രവർത്തകർ നിശബ്ദ പ്രചാരണത്തിലാണത്രെ . കോൺഗ്രസ്സിനെ അറിയാവുന്ന ആരെങ്കിലും ഇത് വിശ്വസിക്കുമോ ? അങ്ങനെ അതീവ രഹസ്യമായി താഴെ തലത്തിൽ പ്ലാനിങ് നടത്തി പ്രചാരണം നടത്താനുള്ള ഇൻഫ്രാസ്റ്റക്ചർ കോൺഗ്രസ്സിൽ അവശേഷിക്കുന്നുണ്ടോ ?
കോൺഗ്രസ്സ് ആകെപ്പാടെയുള്ളത് കേരളത്തിലാണ് . അപ്പോഴാണ് ജയറാം രമേശിനെ പോലെയുള്ള വാ പോയ കോടാലികൾ യെച്ചൂരിയെ കോൺഗ്രസ്സാക്കുന്നത് . ഇതിന്റെ അർത്ഥമെന്താണ് ? ഹൈക്കമാന്റ് ഉദ്ദേശിക്കുന്നത് വ്യക്തമാണ് . ” പിണറായിക്കെതിരെ കൂടുതൽ ഷോ ഒന്നും കാണിക്കാതെ സതീശൻ , സുധാകരൻ … ഗോ ടു യുവർ ക്ലാസ്സെസ്” .
Post Your Comments