Latest NewsNewsLife Style

പ്രമേഹ രോഗികൾ വാഴക്കൂമ്പ് കഴിച്ചാൽ സംഭവിക്കുന്നത്

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് വാഴപ്പഴം. നേന്ത്രപ്പഴമായാലും ചെറുപഴമായാലും കേരളത്തിലെ വീടുകളിൽ നിത്യകാഴ്ചയാണ്. മിക്കവരുടെയും വീട്ടിൽ വാഴയുണ്ടാകുമെന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ട് തന്നെ മലയാളികൾക്ക് ഏറെ സുപരിചിതമായ ഒന്നാണ് വാഴക്കൂമ്പും.
വാഴയുടെ ഇല മുതൽ അകക്കാമ്പായ ഉണ്ണിപ്പിണ്ടി വരെ നാം പാചകത്തിനായി ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ വാഴയിൽ നിന്ന് ലഭിക്കുന്ന വാഴക്കൂമ്പും മലയാളികൾ വെറുതെ കളയാറില്ല. വ്യത്യസ്തമായ പല വിഭവങ്ങളും വാഴക്കൂമ്പുകൊണ്ട് തയ്യാറാക്കി നാം ഭക്ഷണമാക്കാറുണ്ട്.

വാഴക്കൂമ്പ് കഴിക്കുന്നത് വളരെ നല്ലതാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും എന്തൊക്കെയാണ് അതുകൊണ്ടുള്ള ഗുണങ്ങളെന്ന് പലർക്കുമറിയില്ല. വാഴക്കൂമ്പ് വെറുതെ പറമ്പിലേക്ക് തന്നെ കളയാതെ ഉപ്പേരി വെച്ചോ മറ്റെന്തെങ്കിലുമായോ കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

വാഴക്കൂമ്പ് കഴിക്കുന്നതിലൂടെ ശരീരത്തിലെ കൊളസ്‌ട്രോളിനെ നിയന്ത്രിക്കാമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു. പ്രമേഹത്തെ നിയന്ത്രിക്കാനും വാഴക്കൂമ്പിലെ ഘടകങ്ങൾ സഹായിക്കും. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകളാണ് ഇതിന് കാരണം. ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ടെന്നതിനാൽ ദഹനപ്രക്രിയയെ സുഗമമാക്കാനും വാഴക്കൂമ്പിന് സാധിക്കും. ഇതിൽ ധാരാളം സിങ്ക് അടങ്ങിയിരിക്കുന്നതിനാൽ അസ്ഥിക്ഷയം പരിഹരിക്കാനും വാഴക്കൂമ്പിന് കഴിയും. അതിനാൽ, എല്ലുകളുടെ ആരോഗ്യത്തിന് വാഴക്കൂമ്പ് നല്ലതാണെന്നാണ് പറയപ്പെടുന്നത്.

ഗർഭിണികളും പ്രസവം കഴിഞ്ഞിരിക്കുന്ന അമ്മമാരും വാഴക്കൂമ്പ് കഴിച്ചാൽ നല്ലതാണെന്നും ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. ഇത് മുലപ്പാലുണ്ടാകാൻ സഹായിക്കുമെന്നതിനാലാണ്. കൂടാതെ ഗർഭാശയത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാനും വാഴക്കൂമ്പിലുള്ള ഘടകങ്ങൾ സഹായിക്കും. ഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ ഭക്ഷണക്രമത്തിൽ വാഴക്കൂമ്പ് ഉൾപ്പെടുത്തുന്നത് ആരോഗ്യം നഷ്ടപ്പെടാതെ ശരീരഭാരം കുറയ്‌ക്കാനും സഹായിക്കും.

shortlink

Related Articles

Post Your Comments


Back to top button