
രംഗ റെഡ്ഡി: തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ സ്വകാര്യ കോളേജിൽ വിദ്യാർത്ഥിക്ക് നേരെ മർദ്ദനം. പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് ആക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിച്ച് ഒരു വിദ്യാർത്ഥിയെ സീനിയേഴ്സ് ക്രൂരമായി മർദിച്ചു. വിദ്യാർത്ഥിയെ മർദിക്കുക മാത്രമല്ല, ‘ജയ് മാതാ ദി’, ‘അല്ലാഹു അക്ബർ’ എന്ന് വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.
സംഭവത്തിന്റെ ഒന്നിലധികം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നവംബർ ഒന്നിന് തെലങ്കാനയിലെ ശങ്കർപള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ബിസിനസ് സ്കൂളിലാണ് സംഭവം. ബിസിനസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഹോസ്റ്റൽ കാമ്പസിൽ വച്ചാണ് ജൂനിയർ വിദ്യാർത്ഥിക്ക് നേരെ ആക്രമണമുണ്ടായത്. എന്നാൽ, ആക്രമണവുമായി ബന്ധപ്പെട്ട് പോലീസിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല.
വീഡിയോ വൈറലായതോടെ ജൂനിയർ വിദ്യാർത്ഥിയടക്കം സംഭവത്തിൽ പങ്കാളികളായ എല്ലാ വിദ്യാർത്ഥികൾക്കെതിരെയും മാനേജ്മെന്റ് നടപടി ആരംഭിച്ചതായി പോലീസ് പറഞ്ഞു. ജൂനിയറിനെ മർദ്ദിച്ച വിദ്യാർത്ഥികൾ ഹിന്ദു, മുസ്ലീം സമുദായങ്ങളിൽ നിന്നുള്ളവരാണ്. വിദ്യാർത്ഥികൾ തങ്ങളുടെ ജൂനിയറിനെ മർദ്ദിക്കുകയും ‘ജയ് മാതാ ദി’, ‘അല്ലാഹു ഹു അക്ബർ’ എന്ന് വിളിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Post Your Comments