പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ അത് ശരീരത്തിന്റെ അന്നത്തെ ദിവസത്തെ പ്രവര്‍ത്തനങ്ങളെ സാരമായി തന്നെ ബാധിക്കും. എന്നാല്‍ തിരക്കേറിയ ജീവിതത്തില്‍ പലപ്പോഴും പ്രഭാതഭക്ഷണമായി മറ്റ് പല ഭക്ഷണവിഭവങ്ങളെയും ആശ്രയിക്കുന്ന ഒരു രീതിയിലേക്ക് നാം മാറിയിട്ടുണ്ട്. അതിലൊന്നാണ് ബ്രഡ് കഴിക്കുന്നത്. കഴിക്കാന്‍ എളുപ്പമായതിനാലും സമയം ലാഭിക്കുന്നതിനാലും സ്കൂള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ബ്രേക്ക് ഫാസ്റ്റായി ബ്രഡ് കഴിച്ചിട്ടാണ് പോകുന്നത്.
എന്നാല്‍ ഇത് അത്ര നല്ല ശീലമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. വെറും വയറ്റില്‍ ബ്രഡ് കഴിക്കുന്നത് പല പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുമത്രേ. കാര്‍ബോഹൈഡ്രേറ്റുകള്‍ കൂടുതലുള്ള വലിയ ഊര്‍ജ്ജ സ്രോതസ്സാണ് ബ്രഡ് എന്നതില്‍ തര്‍ക്കമില്ല. ബ്രഡ് വേഗത്തില്‍ ഊര്‍ജ്ജമായി മാറുന്നു. എന്നാല്‍ ഇതിന് ഉയര്‍ന്ന കലോറി മാത്രമേ ഉള്ളൂ. പോഷകങ്ങള്‍ വളരെ കുറവാണ്. അതായത് വെറും വയറ്റില്‍ പ്രഭാതഭക്ഷണമായി ബ്രഡിനെ പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് സാരം.
ബ്രഡിന് ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാന്‍ കാരണമാകും. ഇത് പിന്നീട് ടൈപ്പ് 2 പ്രമേഹത്തിന്റെ അപകടസാധ്യതയാണ് വര്‍ദ്ധിപ്പിക്കുന്നത്.ഉയര്‍ന്ന ഗ്ലൈസെമിക് സൂചിക ഉള്ളത് കൊണ്ട് തന്നെ ബ്രഡ് കഴിച്ചാല്‍ പെട്ടെന്ന് വിശക്കും . ഇത് അമിതമായി ഭക്ഷണം കഴിച്ച് ശരീരഭാരം കൂടാന്‍ ഇടയാക്കും.
ബ്രഡില്‍ സോഡിയത്തിന്റെ അളവ് വളരെ കൂടുതലാണ്. ഇത്തരം ഭക്ഷണം രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് വയറിന് ദോഷകരമാണ്. കാരണം ദഹിക്കാന്‍ പ്രയാസമാണ്. ഇത് വയര്‍ വീര്‍ക്കലിന് കാരണമാകും. ബ്രഡില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റുകള്‍ മലവിസര്‍ജനത്തെ ദോഷകരമായി ബാധിക്കും. അതായത് പ്രഭാതഭക്ഷണമായി സ്ഥിരം ബ്രഡ് കഴിക്കുന്ന ശീലം ഒഴിവാക്കുന്നതാണ് നമ്മുടെ ആരോഗ്യത്തിന് നല്ലത്.
Post Your Comments