Latest NewsKeralaNews

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയ്ക്ക് വ്യാഴാഴ്ച്ച തുടക്കം

എറണാകുളം: 15 വർഷങ്ങൾക്ക് ശേഷം എറണാകുളം ജില്ലയിലെത്തുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വ്യാഴാഴ്ച്ച രാവിലെ 9 ന് എറണാകുളം ഗവ.ഗേൾസ് എച്ച്.എസ്.എസ് അങ്കണത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു കൊടി ഉയര്‍ത്തുന്നതോടെ മേളയ്ക്ക് തുടക്കമാകും.

മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച്ച രാവിലെ 10.30 ന് എറണാകുളം ടൗണ്‍ഹാളില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. ടി.ജെ വിനോദ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.

ആറു വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ എത്തും. വിദ്യാർത്ഥികൾക്ക് പുറമെ അധ്യാപകരും വിവിധ കമ്മിറ്റി അംഗങ്ങളും വോളന്റിയർമാരുമുൾപ്പടെ പതിനായിരത്തോളം പേർ ദിവസവും മേളയുടെ ഭാഗമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം, ഐ.ടി, ഗണിത ശാസ്ത്രം തുടങ്ങി അഞ്ചു വിഭാഗങ്ങളിലായി 154 ഇനങ്ങളിലാണ് മത്സരങ്ങള്‍.

സെന്റ് ആല്‍ബര്‍ട്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ശാസ്ത്രമേളയ്ക്കു വേദിയാകുന്നത്. കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്‌കൂള്‍ ഗണിത ശാസ്ത്രമേളയ്ക്കും എറണാകുളം ദാറുല്‍ ഉലൂം എച്ച്.എസ്.എസ് സാമൂഹ്യശാസ്ത്രമേളയ്ക്കും വേദിയാകും. ഐ.ടി മേള നടക്കുന്നത് ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്. തേവര സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസിലാണ് പ്രവൃത്തി പരിചയമേള നടക്കുന്നത്. എറണാകുളം എസ്.ആര്‍.വി എച്ച്.എസ്.എസ് വൊക്കേഷണല്‍ എക്‌സ്‌പോ, കരിയര്‍ സെമിനാര്‍, തൊഴില്‍മേള എന്നിവയ്ക്ക് വേദിയാകും.

ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. എം.പിമാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, കൊച്ചി മേയര്‍ അഡ്വ. എം.അനില്‍കുമാര്‍, എം.എല്‍.എമാരായ കെ.ജെ മാക്‌സി, അനൂപ് ജേക്കബ്, കെ.എന്‍ ഉണ്ണികൃഷ്ണന്‍, കെ.ബാബു, പി.വി ശ്രീനിജിന്‍, റോജി എം.ജോണ്‍, ഉമ തോമസ്, എല്‍ദോസ് കുന്നപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് എന്നിവര്‍ മുഖ്യാതിഥികളാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button