KeralaLatest NewsNews

ശബരിമല തീർത്ഥാടനം: 11 സ്ഥലങ്ങളിൽ അതീവ സുരക്ഷാ സംവിധാനങ്ങളെന്ന് ഡിജിപി

തിരുവനന്തപുരം: സുരക്ഷിതമായ ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായുള്ള ക്രമീകരണങ്ങൾ പോലീസ് ഒരുക്കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് പമ്പ, നിലയ്ക്കൽ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: മത്സ്യബന്ധന വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  ഒരാളെ കാണാതായി; മൂന്ന് പേർക്ക് പരിക്ക് 

കോവിഡിന് ശേഷമുള്ള തീർത്ഥാടനമായതിനാൽ തീർത്ഥാടകബാഹുല്യം കണക്കിലെടുത്ത് 13,000 പോലീസുകാരെ വിന്യസിക്കും. ആറുഘട്ടം വരുന്ന സുരക്ഷാ പദ്ധതിക്കാണ് പോലീസ് രൂപം നൽകിയിരിക്കുന്നത്. സന്നിധാനം, നിലയ്ക്കൽ, വടശേരിക്കര എന്നിവിടങ്ങളിൽ താത്കാലിക പോലീസ് സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിച്ചു. പ്രത്യേക സുരക്ഷാ മേഖലയായി തിരിച്ചിരിക്കുന്ന 11 സ്ഥലങ്ങളിൽ അതീവ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടാകും. തങ്ക അങ്കി ഘോഷയാത്ര, തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് എന്നിവയ്ക്ക് പ്രത്യേകമായി കൂടുതൽ പോലീസിനെ വിന്യസിക്കും.

തീർത്ഥാടകരുടെ സുരക്ഷയ്ക്കൊപ്പം ട്രാഫിക് ലംഘനങ്ങളും അപകടവും ഉണ്ടാകാതിരിക്കാൻ ബൈക്ക്, മൊബൈൽ പട്രോളിംഗ് എന്നിവ ഉണ്ടാകും. സന്നിധാനം, പമ്പ എന്നിവിടങ്ങളിലായി 24 മണിക്കൂറും 134 സിസിടിവി ക്യാമറകൾ സുരക്ഷയൊരുക്കും. വാഹന തിരക്ക് നിരീക്ഷിക്കുന്നതിന് ജില്ലാ അതിർത്തിയിൽ സിസിറ്റിവി കാമറകൾ ഉണ്ടാകും. ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി എൻഡിആർഎഫ്, ആർഎഎഫ് ടീമിനെ വിന്യസിക്കും. പ്രധാന സ്ഥലങ്ങളിൽ കേരള പോലീസിന്റെ കമാൻഡോകളെ വിന്യസിക്കും. നിരീക്ഷണത്തിനായി നേവിയോടും എയർഫോഴ്സിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. സുഗമമായ തീർഥാടനത്തിനായി ഡ്രോൺ സേവനം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന വാഹന പാർക്കിംഗ് ഏരിയ നിലയ്ക്കൽ ആണെന്നും അനധികൃത പാർക്കിംഗ് അനുവദിക്കുകയില്ലെന്നും അദ്ദേഹം അറിയിച്ചു. ഇടത്താവളങ്ങളിൽ പ്രത്യേക പോലീസ് സംവിധാനം ക്രമീകരിക്കും. ബാരിക്കേഡ്, ലൈഫ് ഗാർഡ്, മറ്റ് സുരക്ഷ സംവിധാനങ്ങൾ പമ്പാതീരത്ത് ഒരുക്കിയിട്ടുണ്ട്. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ഇന്റലിജൻസ്, ഷാഡോ പോലീസ്, ക്രൈം നിരീക്ഷകരെയും നിയോഗിച്ചിട്ടുണ്ട്.

ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന തീർത്ഥാടകരുടെ കണക്ക് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമാക്കാൻ മറ്റ് സംസ്ഥാന പോലീസ് മേധാവികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന തീർത്ഥാടകരെ സഹായിക്കുന്നതിനും പ്രശ്നക്കാരെ തിരിച്ചറിയുന്നതിനും അവിടെ നിന്നുള്ള പോലീസുകാരെ നിയോഗിക്കും. മറ്റ് വകുപ്പുകളുമായി യോജിച്ച് പ്രവർത്തിക്കുന്നതിന് ഒരു നോഡൽ ഓഫീസറെ നിയോഗിച്ചിട്ടുണ്ട്. തീർത്ഥാടന ദിവസങ്ങളിൽ മുഴുവൻ സമയവും പോലീസ് സേനയുടെ പ്രത്യേക നിരീക്ഷണം ഉണ്ടാകും. പത്തനംതിട്ട കെഎസ്ആർടിസി എയ്ഡ് പോസ്റ്റിൽ പോലീസിനെ നിയോഗിക്കും. വെർച്വൽ ക്യൂ സംവിധാനം മുഖേന തീർത്ഥാടകരുടെ കണക്ക് ലഭ്യമാകുന്നതിനാൽ തിരക്ക് മൂലമുണ്ടാക്കുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ ആവശ്യമായ പോലീസ് സേനയെ ഒരുക്കിയിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.

ക്രമസമാധാനവിഭാഗം എഡിജിപി എം ആർ അജിത്കുമാർ, സൗത്ത് സോൺ ഐജി പി. പ്രകാശ്, തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ.നിശാന്തിനി, ജില്ലാ പോലീസ് മേധാവി സ്വപ്നിൽ എം മഹാജൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Read Also: എൻജിനീയറിങ് വിദ്യാർഥികളിൽ ഗവേഷണവും സംരഭകത്വവും വളർത്താൻ അനുകൂല സാഹചര്യമൊരുക്കും: മന്ത്രി ഡോ.ആർ ബിന്ദു

shortlink

Related Articles

Post Your Comments

Related Articles


Back to top button