കൊച്ചി: എറണാകുളം തോപ്പുംപടിയിൽ ബസ് ഇടിച്ച് വഴി യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഒളിവില്‍ പോയ ബസ് ഡ്രൈവർ പിടിയിൽ. കാക്കനാട് സ്വദേശി അനസ് ആണ് ഒരു മാസത്തിന് ശേഷം പിടിയിൽ ആയത്. ഒക്ടോബർ എട്ടിനാണ് ഇടക്കൊച്ചി സ്വദേശി ലോറൻസ് ബസ് അപകടത്തിൽ മരിച്ചത്. വഴിയരികിലൂടെ നടന്നുപോകുകയായിരുന്ന ലോറൻസിനെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു.
ഒളിവിൽ പോകാൻ അനസിന് സഹായം ചെയ്തത് തൃക്കാക്കര സ്വദേശി അജാസ്, റഫ്സൽ, നവാസ് എന്നിവരാണെന്ന് പോലീസ് കണ്ടെത്തി. ഇവരെ കസ്റ്റഡിയിലെടുത്തപ്പോഴാണ് അജാസിന്‍റെ കാറിൽ മന്ത്രിയുടെ ഔദ്ധ്യോഗിക വാഹനങ്ങളിൽ ഉപയോഗിക്കുന്ന ‘കേരള സ്റ്റേറ്റ് 12’ എന്നെഴുതിയ ചുവപ്പ് നിറത്തിലുള്ള രണ്ട് നമ്പര്‍ പ്ലേറ്റുകള്‍ കണ്ടെത്തിയത്.
കൂടാതെ ദുരൂഹമായ നിരവധി ബാങ്ക് പാസ് ബുക്കും ഇയാളില്‍ നിന്ന് കണ്ടെത്തി. അജാസിനെതിരെ മറ്റ് ക്രിമിനൽ കേസുകളുമുണ്ടെന്നാണ് പോലീസ് പറയുന്നത്. അജാസിനെതിരെ മറ്റ് ക്രിമിനൽ കേസുകളുണ്ടെന്ന് പോലീസ് വ്യക്തമാക്കി. മന്ത്രിയുടെ ഔദ്യോഗിക വാഹനങ്ങളിൽ ഉപയോഗിക്കുന്ന നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് ഇയാൾ മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Post Your Comments