മുംബൈ: ‘ഹര്‍ ഹര്‍ മഹാദേവ്’ എന്ന ചിത്രത്തിനെതിരെയുണ്ടാകുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും സിനിമയില്‍ വസ്തുതാ വിരുദ്ധമായി ഒന്നും ചിത്രീകരിച്ചിരിട്ടില്ലെന്നും ചിത്രത്തിന്റെ സംവിധായകന്‍ അഭിജിത് ദേശ്പാണ്ഡെ വ്യക്തമാക്കി. ഛത്രപതി ശിവജി മഹാരാജിന്റെ പിന്‍ഗാമികള്‍ക്ക് സിനിമ കാണാനുള്ള ക്ഷണം നല്‍കാന്‍ ആഗഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഹര്‍ ഹര്‍ മഹാദേവ്’ സിനിമാ പ്രദര്‍ശനത്തിനിടെ താനെയിലെ ഒരു മള്‍ട്ടിപ്ലക്സില്‍ എന്‍സിപി നേതാവ് ജിതേന്ദ്ര അവ്ഹിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു. ചരിത്രത്തെ വളച്ചൊടിച്ചെന്നാരോപിച്ച് പ്രതിഷേധക്കാര്‍ ചിത്രത്തിന്റെ പ്രദര്‍ശനവും നിര്‍ത്തിവയ്പ്പിക്കുകയും തടയാന്‍ ശ്രമിച്ചവരെ മര്‍ദ്ദിക്കുകയും ചെയ്തു. പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഛത്രപതി ശിവജി മഹാരാജിന്റെ പിന്‍ഗാമികളും ചിത്രത്തിനെതിരെ എതിര്‍പ്പ് ഉന്നയിച്ചതായാണ് റിപ്പോർട്ട്.
ശിവാജി മഹാരാജിനെക്കുറിച്ചുള്ള കെഎ കേലുസ്‌കറിന്റെ പുസ്തകത്തിലെ സംഭവങ്ങളാണ് തന്റെ സിനിമയിലും കാണിക്കുന്നതെന്നും സിബിഎഫ്സിയെ തൃപ്തിപ്പെടുത്തിയ ശേഷമാണ് ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രദര്‍ശനാനുമതി ലഭിച്ചതെന്നും ദേശ്പാണ്ഡെ പറഞ്ഞു. ഈ ചിത്രം ഇപ്പോള്‍ പല ഭാഷകളിലും ലഭ്യമാണെന്നും നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചില ആളുകള്‍ കാരണം മഹാരാഷ്ട്രയില്‍ മാത്രമാണ് വിവാദം ഉണ്ടായതെന്നും ദേശ്പാണ്ഡെ കൂട്ടിച്ചേര്‍ത്തു.
Post Your Comments