തിരുവനന്തപുരം: ഷാരോൺ കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ തെളിവെടുപ്പിനായി തിരുവനന്തപുരം നഗരത്തിലെ വേളി, വെട്ടുകാട് പ്രദേശങ്ങളിൽ ഇന്നലെ കൊണ്ടുവന്നിരുന്നു. ഷാരോണുമൊത്ത് കറങ്ങിയ സ്ഥലങ്ങളും താലികെട്ടിയ ഇടവും ഗ്രീഷ്മ പൊലീസിന് കാണിച്ച് കൊടുത്തു. താലികെട്ടിന് ശേഷം ബീച്ചിലൂടെ കുറച്ച് നേരം നടന്നുവെന്നും ഗ്രീഷ്മ പറഞ്ഞു. ഇതിനിടെ ഇവിടെ വെച്ച് ഒരു ഐസ്ക്രീം വില്പനക്കാരിയോട് ഗ്രീഷ്മ ക്ഷോഭിക്കുകയും ചെയ്തു. പോലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു ഗ്രീഷ്മ ഇവരോട് കയർത്തത്.
‘വെട്ടുകാട് പള്ളിയിൽ വെച്ച് ഷാരോൺ തന്റെ കഴുത്തിൽ താലികെട്ടി. ശേഷം ബീച്ചിലൂടെ നടന്നു. കുറച്ചു ദൂരം പോയിട്ട് തിരിച്ചുവന്നു. ഭയങ്കര വെയിലായിരുന്നു’ -ഗ്രീഷ്മ ബീച്ച് ചൂണ്ടിക്കാട്ടി കൂസലില്ലാതെ പറഞ്ഞു. അവിടെയുണ്ടായിരുന്ന ഐസ്‌ക്രീം വില്‍പ്പനക്കാരിയായ സ്ത്രീ, താന്‍ ഈ കുട്ടിയെ കണ്ടിട്ടുണ്ടെന്നും അവരുടെ പക്കല്‍നിന്ന് അന്ന് ഐസ്‌ക്രീം വാങ്ങിയിരുന്നുവെന്നും പോലീസിനോടു പറഞ്ഞു. എന്നാല്‍, ഗ്രീഷ്മ ഇവരോട് ക്ഷോഭിക്കുകയാണ് ചെയ്തത്. താൻ അവരുടെ കടയിൽ നിന്ന് ഐസ്ക്രീം വാങ്ങിയിട്ടില്ലെന്നും നുണ പറയുകയാണെന്നും ഗ്രീഷ്മ പറഞ്ഞു.
തെല്ലും കുറ്റബോധമില്ലാത്ത ഗ്രീഷ്മയുടെ പെരുമാറ്റവും കൂസലില്ലായ്മയും പോലീസിനെ അമ്പരപ്പിക്കുന്നുണ്ട്. താലികെട്ടിന് പിന്നിലെ കഥയും ഗ്രീഷ്മ തന്നെ പോലീസിനോട് വിവരിച്ചു. ഇരുവരും ബൈക്കിലാണ് വെട്ടുകാട് പള്ളിയിൽ എത്തിയത്. താലികെട്ടാൻ നിർബന്ധിച്ചത് ഷാരോൺ ആണ്. പലയിടത്തും ഒരുമിച്ചു കറങ്ങിനടക്കുമ്പോള്‍ കമിതാക്കളാണെന്ന മട്ടിലുള്ള തുറിച്ചുനോട്ടങ്ങള്‍ നേരിടേണ്ടിവരാറുണ്ടായിരുന്നെന്നും അതൊഴിവാക്കാനാണ് എന്നു പറഞ്ഞാണ് ഷാരോൺ തന്നെ താലികെട്ടിയതെന്നാണ് ഗ്രീഷ്മയുടെ വാദം. ‘ഇവിടെയാണ് ഞങ്ങൾ ഒരുമിച്ചിരുന്നത്’ താലികെട്ടാനായി പള്ളിക്കകത്ത് ഇരുവരും ഒരുമിച്ചിരുന്ന ബഞ്ചും ഗ്രീഷ്മ ചൂണ്ടിക്കാട്ടി.
താലികെട്ടിയ ശേഷം പള്ളിയിൽ വെച്ച് തന്നെ സിന്ദൂരവും ചാർത്തി. ശേഷം വേളി ടൂറിസ്റ്റ് വില്ലേജിൽ വിശ്രമിക്കവെയാണ് താൻ ഷാരോണിനെ കൊല്ലാൻ തീരുമാനിച്ചതെന്ന് ഗ്രീഷ്മ പറഞ്ഞു. താന്‍ കരുതിയിരുന്ന കീടനാശിനി ചേര്‍ത്ത ശീതളപാനീയം ഷാരോണിനു നല്‍കി. എന്നാല്‍, കയ്പ്പു കാരണം ഷാരോണ്‍ അതു തുപ്പിക്കളഞ്ഞു. അല്‍പ്പം കഴിഞ്ഞു ഛര്‍ദ്ദിക്കുകയും ചെയ്തു. താനും ഷാരോണും ഒരുമിച്ച് പോയ സ്ഥലങ്ങളും അവിടങ്ങളിൽ വെച്ചുണ്ടായ സംഭവങ്ങളും ഗ്രീഷ്മ പൊലീസിനോട് വിവരിച്ചു.
Post Your Comments