മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ ശരീരം, ബന്ധുക്കളുടെ നിർബന്ധം മൂലം മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നു. അവിടത്തെ ഡോക്ടറും ‘ഒന്നും ചെയ്യാനാകില്ല’ എന്ന് പറഞ്ഞ് നിരാശരാക്കുന്നു. എന്നാൽ, ഒന്ന് പരിശ്രമിച്ച് നോക്കാമെന്ന ഡോക്ടറുടെ തീരുമാനത്തിനൊടുവിൽ ആറാം ദിവസം ജീവന്റെ തുടിപ്പുകൾ കാണിച്ച് തുടങ്ങിയ ശരീരം. പറയുന്നത് മനുവിന്റെ ജീവിതത്തെ കുറിച്ചാണ്. കാസർഗോഡ് സ്വദേശിയായ മനുവിന്റെ ജീവിതം അവിശ്വസനീയമാണ്.
മോർച്ചറിയിൽ നിന്നും തിരിച്ചുപിടിച്ച മനുവിന്റെ വിസ്മയ ജീവിതത്തെ കുറിച്ച് മനു തന്നെയാണ് തുറന്ന് പറയുന്നത്. മരണത്തിൽ നിന്നും ജീവിതത്തിലേക്ക് തിരികെ കയറിയ മനുവിനെ കാത്തിരുന്നത് വിഷമങ്ങൾ മാത്രമായിരുന്നു. ഭാര്യയേയും അമ്മയെയും പോലും ഓർമയില്ലാതെ, ആരെയും തിരിച്ചറിയാൻ കഴിയാതെ മാസങ്ങളോളമാണ് മനു കഴിഞ്ഞത്. വർഷങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിൽ മനു ഇപ്പോൾ ചെറുതായി നടക്കുന്നുണ്ട്. ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മനു തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞത്.
ആ കഥയിങ്ങനെ
ലോറി ഡ്രൈവർ ആയി ജോലി ചെയ്യുന്നതിനിടെയാണ് മനുവിന്റെ ജീവിതം മാറ്റി മറിച്ചത്. മനു ഓടിച്ചിരുന്ന ലോറിയും ഒരു ടൂറിസ്റ്റ് ബസും പയ്യന്നൂരിൽ വെച്ച് കൂട്ടിയിടിച്ചു. ലോറി പൂർണമായും തകർന്നു പോയി. നാല് വർഷം മുന്നെയായിരുന്നു സംഭവം. അപകടം നടന്ന് മൂന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് മനുവിന്റെ ശരീരം ലോറിക്കുള്ളിൽ നിന്നും പുറത്തെടുത്തത്. പയ്യന്നൂർ പോലീസ് മനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ചികിത്സിച്ച ഡോക്ടർ മരണം വിധിച്ചു. മരിച്ചെന്ന് വിധിയെഴുതിയ ഡോക്ടർ, വൈകിട്ട് പോലീസ് സർജൻ വന്ന ശേഷം പോസ്റ്റ്‌മോർട്ടം ചെയ്യാമെന്ന് പറഞ്ഞ് മനുവിന്റെ ശരീരം മോർച്ചറിയിലേക്ക് മാറ്റി.
ഇതിനിടെ മനുവിന്റെ ബന്ധുക്കളിൽ ചിലർക്ക് സംശയം തോന്നുകയും നല്ലൊരു ആശുപത്രിയിലേക്ക് മനുവിനെ മാറ്റാമെന്ന് തീരുമാനിക്കുകയും ചെയ്തു. ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും പോസ്റ്റ്‌മോർട്ടം ചെയ്യാതെ ശരീരം വിട്ട് തരില്ലെന്ന് അവർ പറഞ്ഞു. ഇതോടെ മനുവിന്റെ കുടുംബം ചില സന്നദ്ധ സംഘടനകളുടെ ഇടപെടലിലൂടെ മനുവിന്റെ ‘മൃതദേഹം’ തിരിച്ച് പിടിച്ചു. ഐ.സി.യു യൂണിറ്റ് ഉള്ള ഒരു ആംബുലൻസ് മാർഗം മനുവിനെ മംഗലാപുരത്തുള്ള ആശുപത്രിയിൽ എത്തിച്ചു. മനുവിന്റെ അനക്കമറ്റ് കിടന്ന ശരീരം പരിശോധിച്ച് ഡോക്ടറും ‘ഒന്നും ചെയ്യാനില്ല’ എന്ന് വിധിച്ചു. ഒരു പരീക്ഷണമെന്ന നിലയിൽ ഡോക്ടർമാർ മനുവിന് ചികിത്സ നൽകി തുടങ്ങി.
പ്രതീക്ഷകൾ വെയ്‌ക്കേണ്ടെന്ന് പറഞ്ഞ ഡോക്ടർ ആറാം ദിവസം തിരുത്തി പറഞ്ഞു. ആറ് ദിവസത്തോളം രക്തം കയറ്റി ഇറക്കി, ഇനി പ്രതീക്ഷിക്കാമെന്ന് ഡോക്ടർമാർ പറഞ്ഞു. 16 ദിവസം കഴിഞ്ഞ് ബോധം വന്നു. ഒന്നര മാസം കഴിഞ്ഞ് വീട്ടിലെത്തി. ഒന്നര വർഷത്തോളം വീട്ടിൽ കിടപ്പിലായിരുന്നു. ഇതിനിടെ മനുവിന്റെ ഓർമ നഷ്ടപ്പെട്ടിരുന്നു. ആരാണ്, എന്താണ്, കുടുംബം തുടങ്ങി ഒരു കാര്യങ്ങളും മനുവിന് ഓർമയുണ്ടായിരുന്നില്ല. വീട്ടിലെത്തിയ ശേഷമാണ് അമ്മയെയും സഹോദരിയെയും മറ്റുള്ളവർ പറഞ്ഞ് മനു തിരിച്ചറിയുന്നത്. മനുവിന്റെ ഓർമയിൽ അവരൊന്നും ഇല്ലായിരുന്നു. തന്നെ പരിചരിച്ച യുവതി ഹോം നഴ്സ് ആണെന്നായിരുന്നു മനു കരുതിയിരുന്നത്. എന്നാൽ, അത് തന്റെ ഭാര്യ ആണെന്നറിഞ്ഞപ്പോൾ അതുൾക്കൊള്ളാൻ മനുവിന് ഒരുപാട് സമയമെടുത്തു.
ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് താനെന്ന് തിരിച്ചറിഞ്ഞതോടെ ‘ഹോം നഴ്‌സി’നെ പിരിച്ച് വിടാൻ മനു തീരുമാനിച്ചു. ഹോം നഴ്‌സിന് ശമ്പളം കൊടുക്കാൻ തന്റെ കയ്യിൽ ഇല്ലെന്ന് പറഞ്ഞായിരുന്നു മനു വീട്ടിൽ ബഹളം ഉണ്ടാക്കിയത്. മനുവിന്റെ മാനസികമായ ആരോഗ്യത്തിന് മുൻതൂക്കം നൽകണമെന്നും പ്രഷർ ഉണ്ടാക്കുന്ന ഒന്നും ചെയ്യരുതെന്നും ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് മനുവിന്റെ ആവശ്യം വീട്ടുകാർ അംഗീകരിച്ചു. മനുവിനെ പരിചരിച്ചിരുന്ന പെൺകുട്ടിയെ പറഞ്ഞുവിട്ടു. പിന്നീട് ആണ് ഭാര്യയാണെന്ന് മനു അറിയുന്നത്. സ്വന്തം മനസിനെ ഇക്കാര്യം പറഞ്ഞ് പഠിപ്പിക്കാൻ മനുവിന് ഒന്നര വർഷത്തോളം വേണ്ടി വന്നു.
അമ്മയെന്തിനാണ്? പെങ്ങൾ എന്തിനാണ്? ഭാര്യ എന്തിനാണ്? ഇവരൊക്കെ എന്താണ് ചെയ്യേണ്ടത് തുടങ്ങി ഒരു കാര്യവും മനുവിന് അറിയുമായിരുന്നില്ല. ഭാര്യയായിരുന്നു മനുവിന്റെ കാര്യം മുഴുവൻ നോക്കിയിരുന്നത്. ഭാര്യ – ഭർതൃ ബന്ധം എന്താണെന്ന് പോലും മനുവിന് അറിയുമായിരുന്നില്ല. ടി.വിയിൽ സിനിമയും മറ്റ് പരിപാടികളും കണ്ടാണ് പല കാര്യങ്ങളും മനു മനസ്സിലാക്കിയിരുന്നത്. എഴുതാനും വായിക്കാനും മനുവിന് അറിയുമായിരുന്നില്ല. വീടിനടുത്തുള്ള സുഹൃത്താണ് മനുവിന് അക്ഷരങ്ങൾ എഴുതാനും വായിക്കാനും പഠിപ്പിച്ചത്. വടിയുടെ സഹായത്തോടെ എഴുന്നേറ്റ് നടക്കാൻ തുടങ്ങിയത് ഒന്നര വർഷങ്ങൾക്ക് ശേഷമാണ്.
Post Your Comments