
കൊച്ചി: ഇലന്തൂരിലെ ഇരട്ട ആഭിചാര കൊലക്കേസിൽ കുറ്റപത്രം ഡിസംബർ ആദ്യവാരം സമര്‍പ്പിക്കും. ഒക്ടോബർ 12നായിരുന്നു കേസിൽ മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. 90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് അതിവേഗ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
കസ്റ്റഡിയിൽ വാങ്ങി പ്രതികളെ ചോദ്യം ചെയ്യുന്നതും തെളിവെടുപ്പ് നടത്തുന്നതും അന്വേഷണ സംഘം പൂർത്തിയാക്കി. തുടർന്ന് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ പ്രതികളെ ഹാജരാക്കുകയും നവംബർ 19 വരെ റിമാൻഡിൽ വിടാൻ കോടതി ഉത്തരവിടുകയും ചെയ്തു. ഒന്നാം പ്രതി ഷാഫിയെയും രണ്ടാം പ്രതി ഭഗവൽസിംഗിനെയും വിയ്യൂർ അതിസുരക്ഷാ ജയിലിലേക്കും മൂന്നാം പ്രതി ലൈലയെ കാക്കനാട് ജയിലിലേക്കുമാണ് മാറ്റിയത്.
കേസിൽ തെളിവെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ ജാമ്യാപേക്ഷ സമർപ്പിക്കാനുള്ള നീക്കത്തിലാണ് പ്രതിഭാഗം. ഡി.എൻ.എ പരിശോധനാഫലം നവംബർ 28 നകം ഫലം ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകൂടി ലഭിച്ചാൽ മാത്രമേ കുറ്റപത്രം പൂർത്തിയാകൂ.
Post Your Comments