മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണ്ണ വേട്ട. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവുമായി മലപ്പുറം മേൽമുറി സ്വദേശി മുഹമ്മദ് മുഹിയുദ്ദീൻ ആണ് പിടിയിലായത്. വിമാനത്താവളത്തിന് പുറത്തു നിന്നാണ് ഇയാളെ പിടികൂടിയത്. മലദ്വാരത്തിൽ നിന്നും ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വർണ്ണമാണ് ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയത്. മിശ്രിതമാക്കിയ സ്വർണ്ണം ക്യാപ്‌സൂൾ രൂപത്തിലാക്കിയായിരുന്നു ഇയാൾ കടത്താൻ ശ്രമിച്ചത്.
സുരക്ഷാ പരിശോധനയ്‌ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തെത്തിയ മുഹമ്മദിനെ കണ്ട പോലീസിന് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. 1.006 കിലോ ഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തത്. നാല് ക്യാപ്‌സൂളുകളായായിരുന്നു സ്വർണം.
ജിദ്ദയിൽ നിന്നുമായിരുന്നു ഇയാൾ സ്വർണ്ണവുമായി എത്തിയത്. മുഹമ്മദിൽ നിന്നും പിടിച്ചെടുത്ത സ്വർണ്ണത്തിന് വിപണിയിൽ ഏകദേശം 52 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
Post Your Comments