ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ചിട്ട് ഇന്നേക്ക് ആറ് വര്‍ഷം പിന്നിടുകയാണ്. 2016 നവംബര്‍ എട്ടിനായിരുന്നു കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചത്. ഈ ദിനം കള്ളപ്പണ വിരുദ്ധ ദിവസമായിട്ടാണ് ആചരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ഇക്കാര്യം പ്രഖ്യാപിച്ചത്.
Read Also: മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവെക്കുന്നത് വരെ സമരം തുടരും: കെ മുരളീധരന്‍
സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടായിരുന്നു കേന്ദ്രസര്‍ക്കാര്‍ നോട്ടുനിരോധിച്ചത്. ക്രമാതീതമായ നികുതി വെട്ടിപ്പിന് തടയിടാന്‍ കഴിഞ്ഞതും നോട്ട് നിരോധനത്തിന്റെ പ്രതിഫലനമാണ്. രാജ്യത്ത് പ്രചാരത്തിലിരുന്ന 15.41 ലക്ഷം കോടി രൂപ നോട്ട് നിരോധനത്തോടെ അസാധുവാകുകയും ഇതില്‍ 99.3 % ബാങ്കുകളില്‍ തിരിച്ചെത്തിയെന്നുമാണ് കണക്ക്.
കള്ളപ്പണത്തിനും തീവ്രവാദ ഫണ്ടിംഗിനുമെതിരായ ധീരമായ നടപടി കൂടിയായാണ് നോട്ട് നിരോധനത്തെ വിലയിരുത്തുന്നത്. അതിര്‍ത്തി കടന്നുള്ള തീവ്രവാദ ഫണ്ടിംഗിനെ തടയാന്‍ നോട്ട് നിരോധനം വലിയ തോതില്‍ സഹായിച്ചു. പാകിസ്ഥാനില്‍ നിന്നും ഇന്ത്യയുടെ അതിര്‍ത്തി ഗ്രാമങ്ങള്‍ വഴി രാജ്യത്തേക്ക് ഒഴുകിയെത്തിയിരുന്ന കള്ളനോട്ടുകള്‍ക്ക് ഇതോടെ അന്ത്യം കുറിക്കാനും സാധിച്ചു. നാട്ടില്‍ പ്രമുഖരും അല്ലാത്തവരുമായ നിരവധി പേരുടെ കള്ളപ്പണം നോട്ട് നിരോധനത്തോടെ പുറത്തുവന്നു. രാഷ്ട്രീയ നേതാക്കളില്‍ നിന്നുള്‍പ്പെടെ കള്ളപ്പണം കണ്ടെടുത്തു. കള്ളപ്പണം കരുതിവെച്ചിരുന്ന പലരും അത്തരം ഇടപാടുകള്‍ നടത്തുന്നവരും ഒന്നും ചെയ്യാന്‍ നിവൃത്തിയില്ലാതെ വെട്ടിലായി.
രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകളുടെ വിനിയോഗം ഗണ്യമായി വര്‍ധിക്കാനിടയായത് നോട്ട് നിരോധനത്തിന് ശേഷമായിരുന്നു. 2016 നവംബറില്‍ 2.9 ലക്ഷമായിരുന്നു ഇന്ത്യയിലെ യുപിഐ ഇടപാടുകള്‍. എന്നാലിന്ന് യുപിഐ ഇടപാടുകളുടെ എണ്ണം 98.10 ലക്ഷം കോടിയാണെന്നാണ് കണക്ക്. കഴിഞ്ഞ സെപ്റ്റംബറില്‍ മാത്രം 678 കോടി യുപിഐ ഇടപാടുകള്‍ രാജ്യത്ത് നടന്നു. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് മുഖേന ഇന്ത്യയില്‍ നടന്ന പണമിടപാടുകളില്‍ റെക്കോര്‍ഡ് നിരക്കായിരുന്നു ഇത്. ദിനംപ്രതി രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments