
അങ്കമാലി: പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ആലപ്പുഴ ചേർത്തല പെരുമ്പളം കാക്കാഴത്ത് വീട്ടിൽ ഷാജിയുടെ മകൻ കെ.എസ് അഖിലാണ് (27 ) മരിച്ചത്. ബൈക്കിന് പിന്നിൽ സഞ്ചരിച്ച ചേർത്തല അരൂക്കുറ്റി വയലിൽ വീട്ടിൽ ഹരികൃഷ്ണൻ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ദേശീയപാതയിൽ ചെങ്ങമനാട് പറമ്പയത്ത് തിങ്കളാഴ്ച പുലർച്ചെ 6.30ഓടെയായിരുന്നു അപകടം നടന്നത്. അങ്കമാലി കറുകുറ്റിയിലുള്ള അഖിലിന്റെ പിതൃസഹോദരന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ ഞായറാഴ്ച പങ്കെടുക്കാനെത്തിയതായിരുന്നു. തിങ്കളാഴ്ച പുലർച്ചെ ചേർത്തലയിലുള്ള വീട്ടിലേക്ക് മടങ്ങുമ്പോൾ തമിഴ്നാട്ടിൽ നിന്ന് ചേർത്തല ഭാഗത്തേക്ക് ഏത്തക്കായ കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാനിടിച്ചായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് തല തല്ലി വീണ് ചോര വാർന്നൊഴുകി അവശനിലയിലായ അഖിലിനെ ദേശം സി.എ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അവിവാഹിതനായ അഖിൽ എറണാകുളം ഇടപ്പള്ളിയിൽ ഫ്രീലാൻഡ്സ് ഫോട്ടോഗ്രാഫറാണ്. അമ്മ: അയിഷ. സഹോദരി: ആതിര. നെടുമ്പാശ്ശേരി പൊലീസ് നടപടി സ്വീകരിച്ചു. തുടർന്ന്, മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments