മാവൂർ: മാവൂർ–കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കും. എടവണ്ണപ്പാറ–പെരുവയൽ–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഡിജെ ബസിലെ ഡ്രൈവർ വെട്ടത്തൂർ സ്വദേശി ഷഫീഖിനെ(35) ഒരു കൂട്ടം വിദ്യാർഥികൾ ആക്രമിച്ചു പരുക്കേൽപിച്ച സംഭവത്തിൽ പോലീസ് നടപടിയില്ലാത്തതിൽ പ്രതിഷേധിച്ചാണ് ബസ് പണിമുടക്ക്.
വെള്ളിയാഴ്ച വൈകിട്ടാണ് എടവണ്ണപ്പാറ–പെരുവയൽ–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഡി.ജെ ബസിലെ ഡ്രൈവറെ വാഴക്കാട് നിന്നെത്തിയ ഒരു കൂട്ടം വിദ്യാർഥികൾ ആക്രമിച്ചത്. ഇതിൽ പ്രതിഷേധിച്ച് അന്നു തന്നെ എടവണ്ണപ്പാറ–പെരുവയൽ–കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തി. കഴിഞ്ഞ ദിവസം മുതൽ ഈ റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവയ്ക്കുകയും ചെയ്തു.
ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിലുള്ള പ്രശ്നം നേരത്തേ മെഡിക്കൽ കോളജ് പൊലീസ് ഇൻസ്പെക്ടർ ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നിട്ടും വെള്ളിയാഴ്ച വിദ്യാർഥികൾ ബസിൽ കയറി ഡ്രൈവറെ മർദിച്ചതാണ് ബസ് സമരത്തിനു കാരണമെന്നു പറയുന്നു. ബസ് തൊഴിലാളി അസോസിയേഷനും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷനും ചേർന്നാണ് സമരം നടത്തുന്നത്. ബസ് ജീവനക്കാരെ ആക്രമിച്ചവരെ പിടികൂടി ശിക്ഷിക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി കെ.രാധാകൃഷ്ണൻ പറഞ്ഞു.
Post Your Comments