കൊച്ചി: കോതമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് ‘പറക്കും തളിക’ സിനിമയിലേതു പോലെ അലങ്കരിച്ച് കല്യാണ ഓട്ടം നടത്തിയ സംഭവത്തില്‍ കേസെടുത്തു. മോട്ടോര്‍ വാഹന നിയമപ്രകാരമാണ് കേസെടുത്തത്. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. അപകടമുണ്ടാക്കും വിധം മരച്ചില്ലകള്‍ കെട്ടി, മുന്‍വശത്തെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ മറച്ചുകെട്ടുക തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എംവിഡിയുടെ നടപടി. കെ എസ് ആര്‍ ടി സി ഡ്രൈവര്‍ റഷീദിനെതിരെയും കേസെടുത്തു.
സംഭവത്തെ തമാശയായി കണ്ടാല്‍ മതിയെന്നായിരുന്നു കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകറിന്റെ പ്രതികരണം. ഒരാളുടെ കല്യാണ ആവശ്യവുമായി ബന്ധപ്പെട്ടാണ് ബസ് ബുക്ക് ചെയ്തത്. ബസ് അലങ്കരിച്ചതും ബാനര്‍ വച്ചതുമെല്ലാം അയാളുടെ ഒരു ദിവസത്തെ സന്തോഷമായി കാണാവുന്നതേയുള്ളൂ. വിന്‍ഡ് ഷീല്‍ഡ് മറച്ചിട്ടുണ്ടോ എന്നതു മാത്രമാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നെല്ലിക്കുഴി സ്വദേശി റമീസ് പി.എസ് സുഹൃത്ത് മാഹിന്റെ വിവാഹത്തിനാണ് 10,000രൂപ അടച്ചാണ് ബസ് ബുക്ക് ചെയ്തത്. കോതമംഗലം ഡിപ്പോയില്‍ ബസ് ഇല്ലാതിരുന്നതിനാല്‍ ഡ്രൈവര്‍ റഷീദ് തൊടുപുഴ ഡിപ്പോയില്‍ നിന്നാണ് ബസ് എത്തിച്ചത്. നെല്ലിക്കുഴിയില്‍ നിന്ന് അടിമാലി ഇരുമ്പ് പാലത്തേക്കായിരുന്നു യാത്ര. ചെടികളും അര്‍ജന്റീനയുടെയും ബ്രസീലിന്റെയും പതാകകളും താമരാക്ഷന്‍ പിള്ള എന്നെഴുതിയ ബോര്‍ഡും വച്ചാണ് അലങ്കരിച്ചിരുന്നത്. കെ.എസ്.ആര്‍.ടി.സി എന്ന് എഴുതിയിരുന്ന ഭാഗത്താണ് ‘താമരാക്ഷന്‍ പിളള’ എന്ന ബോര്‍ഡ് വച്ചത്.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ചിലര്‍ കോതമംഗലം പൊലീസിനെ വിവരം അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പിനും ദൃശ്യങ്ങള്‍ കൈമാറുകയായിരുന്നു.
‘വീടിനടുത്തുള്ളയാളുടെ കല്യാണമായിരുന്നു. ബസ് കല്യാണ വീടിനു സമീപം ഇട്ട ശേഷം ഒരുങ്ങാനായി വീട്ടിലേക്ക് പോയി. ആ സമയത്താണ് കുട്ടികള്‍ ബസ് അലങ്കരിച്ചത്. ചെടികളും ഓലയുമൊന്നും പുറത്തേക്ക് നില്‍ക്കുന്നുണ്ടായിരുന്നില്ല. ബസ് കുറച്ചു ദൂരം ഓടിയപ്പോഴാണ് ഇവ പുറത്തേക്കു നീണ്ടത്. പ്രശ്നമാകുമെന്ന് കരുതിയില്ല.’ ബസിന്റെ ഡ്രൈവർ റഷീദ് പറഞ്ഞു. അതേസമയം, സന്തോഷത്തിന്റെ ഭാഗമായി വെറുതെ അലങ്കരിച്ചതാണ്. കുഴപ്പമാകുമെന്ന് കരുതിയില്ല എന്നാണ് ബസ് ബുക്ക് ചെയ്ത റമീസ് പറയുന്നത്. .
Post Your Comments