തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശിയോടനുബന്ധിച്ചുള്ള ‘കോടതി വിളക്ക്’ ആഘോഷിച്ചു. കോടതി വിളക്ക് എന്ന പേരില്‍ തന്നെയാണ് ആഘോഷങ്ങള്‍ നടന്നത്. മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തിലും ക്ഷേത്ര നടകളിലും കോടതി വിളക്ക് എന്നെഴുതിയ ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. കോടതി വിളക്ക് എന്ന പേരില്‍ ഗുരുവായൂരിലെ ഏകാദശി വിളക്ക് നടത്തുന്നതും മതത്തിന്റെ പേരില്‍ പരിപാടിയില്‍ പങ്കെടുക്കുന്നതും ശരിയല്ലെന്ന് ഓഫീഷ്യല്‍ മെമ്മോറാണ്ടം പുറപ്പെടുവിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ആഘോഷങ്ങള്‍ നടന്നത്. മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തിലും ക്ഷേത്ര നടകളിലും കോടതി വിളക്ക് എന്നെഴുതിയ ബോര്‍ഡുകളും സ്ഥാപിച്ചായിരുന്നു പരിപാടി. സാംസ്‌കാരിക പരിപാടികള്‍ ജസ്റ്റിസ് പി സോമരാജന്‍ ഉദ്ഘാടനം ചെയ്തു. അഗതി മന്ദിരത്തില്‍ നടന്ന അന്നദാനത്തില്‍ ജഡ്ജിമാരായ എന്‍ ശേഷാദ്രിനാഥ്, എ പി ഷിബു എന്നിവര്‍ പങ്കെടുത്തു.
മതേതര സ്ഥാപനമെന്ന നിലയില്‍ ഒരു മതത്തിന്റെ മാത്രം പരിപാടിയുടെ ഭാഗമാകുന്നത് അംഗീകരിക്കാനാകില്ലെന്നും ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ ജഡ്ജിമാര്‍ ചടങ്ങില്‍ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നുമായിരുന്നു ഹൈക്കോടതി ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ രജിസ്ട്രാര്‍ മുഖേന ജില്ല ജഡ്ജിക്ക് കത്ത് നല്‍കിയിരുന്നത്. ബാര്‍ അസോസിയേഷന്‍ ആഘോഷം സംഘടിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് വിളക്ക് നടത്തിപ്പുകാരായ കമ്മിറ്റിക്ക് കത്തൊന്നും ലഭിച്ചിട്ടില്ലെന്ന് സംഘാടകര്‍ വിശദീകരിച്ചു.
Post Your Comments