കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ചാവേര്‍ സ്‌ഫോടനക്കേസിലെ പ്രതിയുടെ വീട്ടില്‍ സിറ്റി പൊലീസ് നടത്തിയ റെയ്ഡില്‍ പെന്‍ഡ്രൈവ് പിടിച്ചെടുത്തു. ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്റെ വീട്ടില്‍ നിന്നാണ് പെന്‍ഡ്രൈവ് കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഐഎസ് പ്രൊപ്പഗാണ്ട വീഡിയോകളാണ് പെന്‍ഡ്രൈവിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കഴിഞ്ഞ നാല് വര്‍ഷത്തെ നീക്കങ്ങളും ഇയാള്‍ ആരുമായൊക്കെ ബന്ധപ്പെട്ടുവെന്നതും പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Read Also: സുരക്ഷിതവും ആരോഗ്യകരവുമായ തീര്‍ഥാടനംസാധ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്
പിടിച്ചെടുത്ത പെന്‍ഡ്രൈവില്‍ നൂറോളം വീഡിയോകളാണ് ഉള്ളത്. ഇതില്‍ നാല്‍പതോളം വീഡിയോ ശ്രീലങ്കന്‍ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരന്‍ സെഹ്‌റാന്‍ ബിന്‍ ഹാഷിമിന്റേതാണ്. 15ഓളം വീഡിയോ സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളും. ബാക്കി വീഡിയോ ഐഎസ് നടത്തിയ വീഡിയോകളുടേതാണെന്നും പൊലീസ് വ്യക്തമാക്കി. 2019ന് ശേഷം പെന്‍ഡ്രൈവില്‍ പുതിയ വീഡിയോ ചേര്‍ത്തിട്ടില്ല.
2019ലാണ് ജമേഷ മുബിനെ എന്‍ഐഎ ചോദ്യം ചെയ്തത്. യുവാക്കള്‍ക്കിടയില്‍ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ഐഎസിലേക്ക് ആളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണം നടത്താനും പദ്ധതിയിട്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു അന്ന് എന്‍ഐഎ ചോദ്യം ചെയ്തത്. അന്ന് എന്‍ഐഎ മുഹമ്മദ് അസ്ഹറുദ്ദീന്‍, ഷെയ്ഖ് ഹിദായത്തുള്ള എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതില്‍ ഹിദായത്തുള്ള രണ്ട് വര്‍ഷം മുമ്പ് പുറത്തിറങ്ങി. അസ്ഹറുദ്ദീനാണ് മോഡ്യൂളിന്റെ തലവനെന്നും ഖിലാഫത്ത് ജിഎഫ്എക്‌സ് എന്ന ഫേസ്ബുക് പേജ് ഇവര്‍ കൈകാര്യം ചെയ്തിരുന്നതായും എന്‍ഐഎ പറഞ്ഞിരുന്നു. കോയമ്പത്തൂരിലെ ഭീകരാക്രമണത്തിന് ശേഷമാണ് 2019ല്‍ എന്‍ഐഎ ചോദ്യം ചെയ്തവരുടെയും അറസ്റ്റ് ചെയ്തവരുടെയും വീടുകളില്‍ വ്യാപക പരിശോധന നടന്നത്.
ജമേഷ മുബീന്റെ ഭാര്യക്ക് ഇവരുടെ പദ്ധതികളെപ്പറ്റി അറിവില്ലായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബധിരയും മൂകയുമായ ഇവരെയും പലവട്ടം അന്വേഷണ സംഘം ചോദ്യം ചെയ്തു. ഐഎസ് പതാകയോട് സാമ്യമുള്ള ചിഹ്നം ആലേഖനം ചെയ്ത സ്ലേറ്റ്, അറബിയിലും തമിഴിലുമുള്ള തീവ്ര മത പ്രബോധനങ്ങളും തീവ്ര സ്വഭാവമുള്ള പുസ്തകങ്ങള്‍ വായിച്ച് തയ്യാറാക്കിയ കുറിപ്പുകളും ജമേഷ മുബീന്റെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഇവ സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാനുള്ള എഴുപത്തിയാറര കിലോഗ്രാം അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ കൂടാതെയുള്ള തൊണ്ടി മുതലുകളില്‍ പെടുന്നു.
Post Your Comments