കോഴിക്കോട്: കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയില്‍ ഫുട്‌ബോള്‍ ആരാധകര്‍ സ്ഥാപിച്ച മെസ്സിയുടേയും നെയ്മറുടേയും കട്ട് ഔട്ടുകള്‍ എടുത്തുമാറ്റിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ചാത്തമംഗലം പഞ്ചായത്ത്. പുഴയുടെ സ്വാഭാവിക ഒഴുക്കിനെ കട്ട് ഔട്ടുകള്‍ തടസപ്പെടുത്തുന്നുവെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. എന്നാല്‍, അന്താരാഷ്ട്ര തലത്തില്‍ തന്നെ വൈറലായ ഈ കട്ട് ഔട്ടുകള്‍ നീക്കം ചെയ്യാന്‍ തങ്ങള്‍ തയാറല്ലെന്ന നിലപാടിലാണ് അര്‍ജന്റീന, ബ്രസീല്‍ ഫാന്‍സ്. പുഴയെ തങ്ങള്‍ സ്ഥാപിച്ച കട്ട് ഔട്ടുകള്‍ ഒരു തരത്തിലും ബാധിക്കുന്നില്ലെന്ന് ആരാധകര്‍ പറഞ്ഞു.
കട്ട് ഔട്ടുകള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചാല്‍ അതിനെ നിയമവഴിയില്‍ തന്നെ നേരിടുമെന്നാണ് ആരാധകര്‍ പറയുന്നത്. ചിലരുടെ വിലകുറഞ്ഞ പ്രചാരണമാണ് പരാതിക്ക് പിന്നിലെന്നാണ് ഫുട്‌ബോള്‍ ആരാധകരുടെ ആരോപണം. നിയമനടപടിയെ നേരിടുന്നതില്‍ തങ്ങള്‍ ഒറ്റക്കെട്ടായിരിക്കുമെന്ന് അര്‍ജന്റീന, ബ്രസീല്‍ ആരാധകര്‍ അറിയിച്ചു.
ഫുട്‌ബോള്‍ ലോകകപ്പിനോട് അനുബന്ധിച്ച് സ്ഥാപിച്ച ഈ കട്ട് ഔട്ടുകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ശ്രദ്ധ നേടിയിരുന്നു. ആദ്യം അര്‍ജന്റീന ഫാന്‍സ് മെസ്സിയുടെ കട്ട് ഔട്ട് സ്ഥാപിച്ചതിന് തൊട്ടുപിന്നാലെയാണ് പുഴയില്‍ ബ്രസീല്‍ ആരാധകര്‍ നെയ്മറുടെ കട്ടൗട്ടും സ്ഥാപിച്ചത്.
Post Your Comments