KeralaLatest NewsNews

നഴ്സിംഗ് സീറ്റുകൾ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നഴ്‌സിംഗ് സീറ്റുകൾ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ വിദേശ പര്യടനത്തിൽ ഹെൽത്ത് പ്രൊഫഷണലുകളെ വലിയ രീതിയിൽ ആവശ്യമാണെന്ന് മനസിലായിട്ടുണ്ട്. അതേസമയം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി വരുന്നു. സംസ്ഥാനത്തിന് ആവശ്യമുള്ളവരുടേയും പുറത്ത് പോകാൻ താത്പര്യമുള്ളവരുടേയും എണ്ണം കണക്കിലെടുത്ത് കൂടുതൽ സീറ്റുകൾ വർദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അതിനനുസരിച്ചുള്ള ഇടപെടൽ ആവശ്യമാണെന്നും മന്ത്രി അറിയിച്ചു. നഴ്‌സിംഗ് വിദ്യാഭ്യാസത്തിന്റെ പുരോഗതിയും പുതിയ കോളേജുകൾ ആരംഭിക്കുന്നതുമായും ബന്ധപ്പെട്ട യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: ബഹിരാകാശ മേഖലയിലെ ആഗോള സഹകരണം: അബുദാബി സ്‌പേസ് ഡിബേറ്റിൽ പ്രധാനമന്ത്രി പങ്കെടുക്കും

സർക്കാർ മേഖലയിൽ നിലവിലെ സീറ്റുകളുടെ എണ്ണം കൂട്ടുന്നതിന് കർമ്മ പദ്ധതി ആവിഷ്‌ക്കരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. നാഷണൽ നഴ്‌സിംഗ് കൗൺസിൽ മാനദണ്ഡമനുസരിച്ച് ഗുണനിലവാരം ഉറപ്പാക്കും. സംസ്ഥാനത്ത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നഴ്‌സിംഗ് കോളേജുകളും ഹെൽത്ത് സർവീസിന് കീഴിൽ നഴ്‌സിംഗ് സ്‌കൂളുകളുമുണ്ട്. കൂടാതെ സ്വകാര്യ മേഖലയിലും നഴ്‌സിംഗ് കോളേജുകളുണ്ട്. രണ്ട് സർക്കാർ മെഡിക്കൽ കോളേജുകളും രണ്ട് സർക്കാർ നഴ്‌സിംഗ് കോളേജുകളും അഞ്ച് സ്വകാര്യ നഴ്‌സിംഗ് കോളേജുകളും മാനദണ്ഡങ്ങൾ പാലിച്ച് ഈ വർഷം പുതുതായി ആരംഭിച്ചിരുന്നു. 510 നഴ്‌സിംഗ് സീറ്റുകളാണ് ഈ വർഷം വർദ്ധിപ്പിക്കാനായത്. പോസ്റ്റ് ബേസിക് നഴ്‌സിംഗ് സീറ്റുകൾ വർദ്ധിപ്പിക്കാനും വീണാ ജോർജ് നിർദ്ദേശം നൽകി.

സംസ്ഥാനത്ത് ബി.എസ്.സി. നഴ്‌സുമാരുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കണം. ക്രിട്ടിക്കൽ കെയർ, സൈക്യാട്രി തുടങ്ങിയ എം.എസ്.സി. നഴ്‌സിംഗ് വിഭാഗത്തിൽ കൂടുതൽ വിദ്യാർത്ഥികളെ സൃഷ്ടിക്കാനാകണം. തിരുവനന്തപുരം, ആലപ്പുഴ നഴ്‌സിംഗ് കോളേജുകളിൽ എം.എസ്.സി. സൈക്യാട്രി നഴ്‌സിംഗ് ആരംഭിക്കും. അടുത്ത വർഷം മുതൽ എം.എസ്.സി. നഴ്‌സിംഗിൽ പുതിയ സ്‌പെഷ്യാലിറ്റികൾ ആരംഭിക്കും. ഈ വർഷം തന്നെ നഴ്‌സിംഗ് സീറ്റുകൾ വർധിപ്പിക്കാൻ നടപടി സ്വീകരിക്കണം. സർക്കാർ നഴ്‌സിംഗ് കോളേജുകളിൽ അടുത്ത സാമ്പത്തിക വർഷത്തേക്ക് നഴ്‌സിംഗ് സീറ്റുകൾ വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രൊപ്പോസൽ നൽകാൻ നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽമാർക്ക് മന്ത്രി നിർദ്ദേശം നൽകി. ഈ ലക്ഷ്യം കൈവരിക്കാൻ ആരോഗ്യ സർവകലാശാല, നഴ്‌സിംഗ് കൗൺസിൽ എന്നിവരുടെ പിന്തുണയും മന്ത്രി അഭ്യർത്ഥിച്ചു. നഴ്‌സിംഗ് മേഖലയിലെ വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തി.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. കാർത്തികേയൻ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ആരോഗ്യ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. നന്ദകുമാർ, നോഡൽ ഓഫീസർ ഡോ. ഹബീബ്, ജോ. നഴ്‌സിംഗ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സലീന ഷാ, അഡീ. ഡയറക്ടർ നഴ്‌സിംഗ് എം.ജി. ശോഭന, ആരോഗ്യ സർവകലാശാല രജിസ്ട്രാർ ഡോ. മനോജ്, നഴ്‌സിംഗ് കൗൺസിൽ രജിസ്ട്രാർ സുലേഖ, നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽമാർ എന്നിവർ പങ്കെടുത്തു.

Read Also: ക്ഷയരോഗത്തെ കുറിച്ച് ഒട്ടിച്ച പോസ്റ്ററില്‍ കാണുന്ന ചിത്രം പോലെയാണ് മഅ്ദനിയുടെ അവസ്ഥ: പരിഹാസവുമായി യൂത്ത് ലീഗ്

shortlink

Related Articles

Post Your Comments

Related Articles


Back to top button