ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വീണ്ടുമെത്താൻ പോകുന്ന ബെഞ്ചമിൻ നെതന്യാഹുവിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനായി ഒന്നിച്ച് പ്രവർത്തിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിലവിൽ പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്ന യായിർ ലാപിഡിന് നന്ദിയുണ്ടെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി ലാപിഡ് പ്രവർത്തിച്ചുവെന്നും ഇനിയും ഫലവത്തായ രീതിയിൽ പരസ്പരം ആശയങ്ങൾ കൈമാറാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇസ്രായേലിൽ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്നതോടെയാണ് നരേന്ദ്രമോദി പ്രതികരണമറിയിച്ചത്.
ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ അടുത്തയാഴ്ചയോടെ അധികാരത്തിൽ വരുമെന്നാണ് സൂചന. ബെഞ്ചമിൻ നെതന്യാഹു നേതൃത്വം നൽകുന്ന ലിക്കുഡ് പാർട്ടി 65 സീറ്റുകൾ നേടിയാണ് വീണ്ടും സർക്കാർ രൂപീകരിക്കാൻ പോകുന്നത്. 120 അംഗ പാർലമെന്റിൽ ഭൂരിപക്ഷം ലഭിക്കാൻ വേണ്ടിയിരുന്നത് 61 സീറ്റുകളായിരുന്നു. യായിർ ലാപിഡ് നേതൃത്വം നൽകുന്ന യെഷ് ആറ്റിഡ് പാർട്ടിക്ക് 50 സീറ്റുകളായിരുന്നു ലഭിച്ചത്.
Post Your Comments