Latest NewsKeralaNews

വളവുകളില്‍ മറഞ്ഞുനിന്നുള്ള വാഹന പരിശോധന: മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: പോലീസിന്റെ വാഹന പരിശോധന സുരക്ഷിതമായി നടത്തുന്നത് സംബന്ധിച്ച് പോലീസ് – ഗതാഗത വകുപ്പ്  അധികൃതർ വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആണ് ഇത് സംബന്ധിച്ച് ആഭ്യന്തര – ഗതാഗത വകുപ്പ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയത്. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും രണ്ടു മാസത്തിനുള്ളിൽ  ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ ആഭ്യന്തര, ഗതാഗത സെക്രട്ടറിമാർ കമ്മീഷനിൽ സമർപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 2021 നവംബർ 5 ന് കോഴിക്കോട് ചെലവൂർ ഗോപിക ഹോട്ടലിനു സമീപം ട്രാഫിക് പോലീസ് വളവിൽ മറഞ്ഞു നിന്ന് വാഹനങ്ങൾ കൈ കാണിച്ചതിനെതിരെ സമർപ്പിച്ച  പരാതിയിലാണ് ഉത്തരവ്.  സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിലാണ് വാഹന പരിശോധന നടത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ആത്യന്തികമായി വാഹനാപകടങ്ങൾ  ഒഴിവാക്കുന്നതിന് പോലീസും  ഗതാഗതവകുപ്പും നടത്തുന്ന വാഹന പരിശോധനകൾ അപകടങ്ങൾക്ക് കാരണമാകുന്ന അവസ്ഥ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. വളവിൽ മറഞ്ഞു നിന്ന് വാഹന പരിശോധന നടത്തുന്ന ശൈലി  പലതവണ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത കാര്യം മറക്കുന്നില്ലെന്നും കമ്മീഷൻ  ഉത്തരവിൽ  പറഞ്ഞു. നൌഷാദ്  തെക്കയിൽ സമർപ്പിച്ച പരാതിയിലാണ്  നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button