തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂരിഭാഗം റോഡുകളും ബി എം & ബി സി നിലവാരത്തിലേക്ക് ഉയർത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോതമംഗലം നിയോജക മണ്ഡലത്തിലെ നവീകരിച്ച നങ്ങേലിപ്പടി – ചെറുവട്ടൂർ 314 കോളനി റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നങ്ങേലിപ്പടി – ചെറുവട്ടൂർ റോഡിന്റെ നവീകരണം കോതമംഗലത്തെ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യും. ഇത്തരത്തിൽ സംസ്ഥാനത്തെ പരമാവധി റോഡുകളും നവീകരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സുതാര്യവും സമയബന്ധിതവുമായി പദ്ധതികൾ പൂർത്തീകരിക്കുക എന്ന നയത്തിലൂന്നിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.
ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി ആലുവ – മൂന്നാർ റോഡിലെ പെരുമ്പാവൂർ പട്ടാൽ മുതൽ കോതമംഗലം വരെ ബി എം & ബി സി നിലവാരത്തിൽ നവീകരിക്കുന്നതിന് 11.60 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ മികച്ച നിലവരത്തിലാക്കണം എന്നത് സർക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നങ്ങേലിപ്പടി – ചെറുവട്ടൂർ 314 കോളനി റോഡ് മൂന്നരക്കോടി രൂപ ചെലവിലാണ് ആധുനിക നിലവാരത്തിൽ (ബി എം & ബി സി) നവീകരിച്ചത്. റോഡ് നവീകരണത്തിന്റെ ഭാഗമായി വീതികൂട്ടുകയും മഴവെള്ളം സുഗമമായി ഒഴുകിപ്പോകാൻ സംവിധാനം ഒരുക്കുകയും സംരക്ഷണ ഭിത്തികൾ കെട്ടുകയും മുന്നറിയിപ്പ് ബോർഡുകൾ ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
ഇളബ്ര ജംഗ്ഷനിൽ സംഘടിപ്പിച്ച ഉദ്ഘാടന യോഗത്തിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ് (എഫ്.ഐ.ടി) ചെയർമാൻ ആർ അനിൽ കുമാർ, സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം എ മുഹമ്മദ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എം അലി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ബി ജമാൽ, പഞ്ചായത്ത് മെമ്പർമാരായ ബീന ബാലചന്ദ്രൻ, ഷഹന അനസ്, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഷിജി കരുണാകരൻ, പൊതുമരാമത്ത് നിരത്ത് വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയർ ടി എസ് സുജറാണി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എസ് ഷാജീവ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ പങ്കെടുത്തു.
Read Also: ശബരിമല തീർത്ഥാടനം: ദക്ഷിണേന്ത്യൻ മന്ത്രിമാരുമായി യോഗം ചേർന്നു
Post Your Comments