മഞ്ചേരി: ഐ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‌സി ഐ ലീഗിലെ ആദ്യ ഏഴു മത്സരങ്ങള്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ കളിക്കും. ആദ്യ മത്സരം കഴിഞ്ഞ വര്‍ഷത്തിലെ രണ്ടാം സ്ഥാനക്കാരായ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ്ങുമായിട്ടാണ്. നവംബര്‍ 12ന് വൈകുന്നേരം 4.30നാണ് മത്സരം. ആറ് മത്സരങ്ങള്‍ക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം വേദിയാവും.
കോവിഡിനു ശേഷം ആദ്യമായിട്ടാണ് കാണികളെ അനുവദിച്ചു കൊണ്ട് ഐ ലീഗ് ഹോം എവേ മത്സരങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷവും തുടര്‍ച്ചയായി ഐ ലീഗ് കിരീടം നേടിയ ഗോകുലം ഈ പ്രാവശ്യം കാമറൂണ്‍ കോച്ച് റിച്ചാര്‍ഡ് ടോവയുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്. ഐസ്വാള്‍ എഫ് സി, റിയല്‍ കാശ്മീര്‍, ശ്രീനിധി എഫ് സി, കെങ്കേരെ എഫ് സി, സുദേവ ഡല്‍ഹി എഫ് സി, രാജസ്ഥാന്‍ യുണൈറ്റഡ് എഫ് സി, റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സി, ട്രാവു എഫ് സി, ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ് സി എന്നിവയാണ് മറ്റു ഐ ലീഗ് ക്ലബ്ബുകള്‍.
നേരത്തെ, സന്തോഷ് ട്രോഫി ആവേശ ഫൈനലില്‍ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോല്‍പ്പിച്ച് കേരളം ഏഴാം കിരീടം ഉയര്‍ത്തുകയായിരുന്നു. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അധികസമയത്ത് ഒരു ഗോളിന് പിന്നിലായ ശേഷമാണ് കേരളം തിരിച്ചടിച്ചത്. ടൂര്‍ണമെന്റില്‍ ഒരു കളി പോലും തോല്‍ക്കാതെയായിരുന്നു ബിനോ ജോര്‍ജിന്റെ പരിശീലനത്തില്‍ കേരളത്തിന്റെ കിരീടധാരണം.
കേരള നായകന്‍ ജിജോ ജോസഫായിരുന്നു കഴിഞ്ഞ ടൂര്‍ണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. 1993ല്‍ കൊച്ചിയില്‍ കുരികേശ് മാത്യുവിന്റെ സംഘം ചാമ്പ്യന്മാരായതിന് ശേഷം സ്വന്തം മണ്ണില്‍ കേരളത്തിന്റെ ആദ്യ കിരീടമാണിത്.
Post Your Comments