KeralaLatest NewsNews

ലോട്ടറി കച്ചവടക്കാരനെ തലയ്ക്കടിച്ച് കൊന്ന കേസിൽ യുവാവിന് 5 വർഷം കഠിന തടവും പിഴയും 

തിരുവനന്തപുരം: ലോട്ടറി കച്ചവടക്കാരനെ തലയ്ക്കടിച്ച് കൊന്ന കേസിൽ യുവാവിന് 5 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. 2015ൽ ആണ് കേസിന് ആസ്പദമായ സംഭവം.

അയിരൂർ പാണിൽ കോളനി ഒലിപ്പുവിള വീട്ടിൽ ബാബുവിനെ (58) തലയ്ക്കടിച്ചു കൊന്ന കേസിൽ പ്രതിയായ പെരുമ്പഴുതൂർ മൊട്ടക്കാട കോളനിയിൽ അനിൽ എന്ന ബിജോയിയെ (25) ആണ് ശിക്ഷിച്ചത്. മനപൂർവമല്ലാത്ത നരഹത്യക്ക് 5 വർഷം കഠിന തടവിനും 50,000 രൂപ പിഴയ്ക്കും ആണ് കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലങ്കിൽ പ്രതി 6 മാസം കൂടി അധിക തടവ് അനുഭവിക്കണമെന്ന് അഡീഷനൽ സെഷൻസ് കോടതി ഉത്തരവിട്ടു. കേസിൽ രണ്ടും മൂന്നും പ്രതികളായ ഇലകമൺ പാണിൽ ലക്ഷം വീട് കോളനിയിൽ താമസക്കാരായ ഉണ്ണി എന്ന സൈജു (32) കണ്ണൻ എന്ന സജീവ് (22) എന്നിവരെ കോടതി വെറുതെവിട്ടു.

സൈജു പാണിൽ കോളനിയിയിലെ പൊതുടാപ്പിന് മുൻപിൽ നിന്ന് നഗ്നനായി കുളിച്ചതു വിലക്കിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കേസ്. സംഭവ ദിവസം പ്രതി നഗ്നനായി പൊതു ടാപിന് മുന്നിൽ കുളിക്കുന്നതു കോളനി നിവാസികൾ ചോദ്യം ചെയ്തത് വാക്കേറ്റത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് സൈജുവിന്‍റെ സുഹൃത്തുക്കളായ ബിജോയ്, സജീവ് എന്നിവരും സൈജുവും ചേർന്ന് കോളനി നിവാസികളെ ആക്രമിക്കുകയും ഇതിനിടയിൽ ബിജോയ് കയ്യിൽ ഉണ്ടായിരുന്ന ഇരുമ്പ് കമ്പി കൊണ്ട് മോഹനന്റെ തലക്കടിക്കുകയുമായിരുന്നു എന്നാണ് കേസ്.

പിടിച്ച് മാറ്റാൻ ശ്രമിച്ച മറ്റൊരു പ്രദേശ വാസിയെയും ബിജോയ് കമ്പി കൊണ്ട് തലയ്ക്ക് അടിച്ചുയെന്ന് കുറ്റപത്രത്തിൽ പറയുന്നു. കുഴ‍ഞ്ഞു വീണ ബാബുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. പ്രതിക്ക് ബാബുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യമില്ലാതിരുന്നതായി കോടതി വിലയിരുത്തി. കോളനിയിൽ ഉണ്ടായ സംഘർഷത്തിനിടിയിൽ പ്രതി മറ്റൊരാളെ അടിച്ച അടി ബാബുവിന് ഏൽക്കുകയായിരുന്നു എന്നാണ് കോടതി നിരീക്ഷണം. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ ഹാജരായി.

16 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 17 രേഖകളും തൊണ്ടി മുതലുകളും ഹാജരാക്കി. കോടതിയുടെ കണ്ടെത്തലുകളോടും നിരീക്ഷണങ്ങളോടും പൂർണമായി വിയോജിക്കുന്നതായി പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രതി ബാബുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ബാബുവിന്റെ തലയ്ക്ക് തന്നെ അടിച്ചത്. കൊലപാതകത്തിനു പകരം നരഹത്യ എന്ന് കാട്ടി നിസാര ശിക്ഷ വിധിച്ചതിനെതിരെ അപ്പീൽ പോകുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button