Latest NewsKeralaNews

ലഹരിക്കെതിരായ കേരളത്തിന്റെ പോരാട്ടം തുടരും: മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരിക്കെതിരായി കേരളം നടത്തുന്ന പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘നോ ടു ഡ്രഗ്‌സ്’ ക്യാംപെയിന്റെ അടുത്ത ഘട്ടം നവംബർ 14 മുതൽ ജനുവരി 26 വരെ സംഘടിപ്പിക്കുമെന്നും ചർച്ചകൾക്കു ശേഷം വിശദാംശങ്ങൾ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നോ ടു ഡ്രഗ്‌സ് ക്യാംപെയിന്റെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ചങ്ങല സൃഷ്ടിച്ച ശേഷം സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read Also: ഗവിയിൽ എത്താനും അവിടെ ഒരു രാത്രി താമസിക്കാനും ആരാണ് ആഗ്രഹിക്കാത്തത്‌ ? ഗവിയിൽ പോകുമ്പോൾ ശ്രദ്ധ വേണം

കേരളപ്പിറവി ദിനത്തിൽ കേരളം ഒരുക്കിയ ലഹരി വിരുദ്ധ ചങ്ങലയോടെ ലഹരിക്കെതിരായ പോരാട്ടം അടുത്ത ഘട്ടത്തിലേക്കു കടക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ലഹരിക്കെതിരായി തീർത്ത ചങ്ങലയുടെ കണ്ണി പൊട്ടില്ലെന്നും ലഹരി വിരുദ്ധ നിലപാട് ജീവിതത്തിലുടനീളം തുടരുമെന്നുമായിരിക്കണം ഓരോരുത്തരുടേയും പ്രതിജ്ഞയും നിലപാടും. സംസ്ഥാനത്തെ എല്ലാ ആളുകളും ഏതെങ്കിലും തരത്തിൽ നോ ടു ഡ്രഗ്‌സ് ക്യാംപെയിന്റെ ആദ്യ ഘട്ടത്തിൽ ഭാഗഭാക്കായി. ഇതിൽ വിദ്യാർഥി സമൂഹത്തിന്റെ പങ്കു വലുതാണ്. ലഹരിയുണ്ടാക്കുന്ന വൈകൃതത്തിന് ഇരയാകില്ലെന്നു വിദ്യാർഥികൾ തീരുമാനിച്ചുറപ്പിച്ച് ക്യാംപെയിനു പിന്നിൽ അണിനിരന്നു. കേരളമാകെ സൃഷ്ടിച്ച ലഹരി വിരുദ്ധ ശൃംഖല ഇതിന്റെ പ്രത്യക്ഷ തെളിവായി. വിദ്യാർഥികൾ നൽകുന്ന ഈ സന്ദേശം ലഹരിക്കെതിരായ പോരാട്ടത്തിനു വലിയ കരുത്തു പകരുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വിദ്യാർത്ഥികളേയും പിഞ്ചുകുഞ്ഞുങ്ങളേയും ലഹരി മാഫിയ ലക്ഷ്യമിടുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇവരുടെ പ്രവർത്തനങ്ങൾക്ക് ഏതെങ്കിലും വിധത്തിൽ അടിപ്പെടുകയോ ദുസ്വാധീനത്തിനു കീഴ്‌പ്പെടുകയോ ചെയ്യില്ലെന്ന് കേരളത്തിലെ വിദ്യാർഥികൾ ഉറക്കെ പ്രഖ്യാപിക്കുകയാണ്. നാടിന്റെ ഭാവിയെ സംബന്ധിച്ചു വലിയ പ്രതീക്ഷ നൽകുന്നതാണിത്. നോ ടു ഡ്രഗ്‌സ് ക്യംപെയിന്റെ ഭാഗമായി അധ്യാപകർ, രക്ഷകർത്താക്കൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥവൃന്ദം തുടങ്ങി ആബാലവൃദ്ധം ജനങ്ങൾ ഒന്നിച്ച് അണിനിരന്നു. പൊലീസ്, എക്‌സൈസ് വകുപ്പുകൾ ക്യാംപെയിനിൽ ഫലപ്രദമായി ഇടപെട്ടു പ്രവർത്തിച്ചു. ലഹരിക്കെതിരേ അവബോധം സൃഷ്ടിക്കുന്നതിനൊപ്പം കുറ്റം ചെയ്യുന്നവരുടെ കൃത്യമായ പട്ടിക തയാറാക്കി നടപടിയെടുക്കാൻ കഴിഞ്ഞു. ആവർത്തന സ്വഭാവത്തോടെ ഇത്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവർക്കെതിരേ കർക്കശ നടപടികളിലേക്കു നീങ്ങി. പഴുതടച്ചുള്ള നിയമ നടപടികൾ, കരുതൽ തടങ്കൽ, കഠിന ശിക്ഷ ഉറപ്പാക്കുന്ന വകുപ്പുകൾ ചേർക്കൽ തുടങ്ങി എല്ലാ നടപടികളും ലഹരി മാഫിയയ്‌ക്കെതിരേ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read Also: ‘കൊച്ചിയിലെ വെള്ളക്കെട്ട് ഒരാഴ്ചക്കുള്ളിൽ പരിഹരിക്കണം’: കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button