Latest News

തൂക്കുപാലം യുവാക്കൾ മനഃപൂർവം കുലുക്കി: അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

ഗാന്ധിനഗർ : ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നു വീണുണ്ടായ അപകടത്തിൻ‌റെ ദൃശ്യങ്ങൾ പുറത്ത്. 140ലധികം ആളുകളുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അപകടത്തിന് മുൻപ് യുവാക്കളുടെ ഒരു സംഘം മനഃപൂർവം തൂക്കുപാലം കുലുക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാവുന്നതാണ്. പാലം ആളുകളാല്‍ തിങ്ങിനിറഞ്ഞിരുന്നു. ആളുകള്‍ കുലുക്കിയതോടെ അത് ആടിയുലയുകയും പെട്ടെന്ന് പൊട്ടിവീഴുന്നതുമാണ് ദൃശ്യത്തിലുള്ളത്.

ഛാട്ട് പൂജയോടനുബന്ധിച്ച് ധാരാളം പേരാണ് പാലത്തിനുമുകളിലെത്തിയത്. പരമാവധി കയറാവുന്ന ആളുകളേക്കാൾ മൂന്നിരട്ടി ആളുകളായിരുന്നു പാലത്തിൽ ഉണ്ടായിരുന്നത്. അപകടം നടക്കുന്ന സമയത്ത് നാനൂറോളം പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. പാലം തകർന്നോടെ നിരവധി പേര്‍ നദിയിലേക്ക് വീണു. ഗുജറാത്തിന്റെ തലസ്ഥാന നഗരമായ അഹമ്മദാബാദിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള മോർബിയിലാണ് ദുരന്തമുണ്ടായത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു അപകടം ഉണ്ടായത്.

140 വര്‍ഷത്തിലെറെ പഴക്കമുള്ള പാലം അറ്റകുറ്റപ്പണി പൂർത്തിയാക്കി അഞ്ച് ദിവസം മുൻപാണ് തുറന്നുകൊടുത്തത്. അതേസമയം, അപകടത്തിൽ അനുശോചനം പ്രകടിപ്പിക്കുകയും, മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. പരുക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും ഗുജറാത്ത് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.

shortlink

Post Your Comments


Back to top button