ഇസ്ലാമാബാദ്: ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം താന്‍ മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വസിം അക്രം. 2003ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ടെലിവിഷന്‍ കമന്റേറ്ററായതോടെയാണ് മയക്കുമരുന്നായ കൊക്കെയ്ന്‍ ഉപയോഗം തുടങ്ങിയതെന്നും ആദ്യ ഭാര്യയുടെ മരണത്തിന് ശേഷമാണ് മയക്കുമരുന്ന് ഉപയോഗം ഉപേക്ഷിച്ചതെന്നും അക്രം പറയുന്നു. 2009ലാണ് അക്രത്തിന്റെ ഭാര്യ ഹുമയുടെ മരണം. തന്റെ ആത്മകഥയായ ‘സുല്‍ത്താന്‍: ഒരു ഓര്‍മക്കുറിപ്പ്’ എന്ന പുസ്തകത്തിലാണ് അക്രം ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ക്രിക്കറ്റില്‍ വിരമിച്ച ശേഷം ഞാന്‍ സ്ഥിരമായി പാര്‍ട്ടിക്ക് പോയിരുന്നു. ഇംഗ്ലണ്ടില്‍ വച്ചാണ് ആദ്യമായി കൊക്കെയ്ന്‍ ഉപയോഗിച്ചത്. പിന്നീട് അതില്‍ നിന്നൊരു മോചനമുണ്ടായിരുന്നില്ല. കൊക്കെയ്ന്‍ പറ്റാത്ത അവസ്ഥായി. കറാച്ചിയിലേക്ക് തിരികെ പോകാമെന്ന് ഹുമ പറയുമ്പോഴേല്ലാം പാര്‍ട്ടികള്‍ അവസാനിപ്പിക്കേണ്ടി വരുമെന്ന ഭയം കൊണ്ട് ഞാൻ വിസമ്മതിച്ചിരുന്നു.
ഹുമ അറിയാതെയാണ് ഇതെല്ലാം ചെയ്തിരുന്നത്. വീട്ടിലിരുന്ന് മടുത്ത ഹുമയ്ക്ക് പാകിസ്ഥാനിലെത്തി ബന്ധുക്കള്‍ക്കൊപ്പം കഴിയാനായിരുന്നു താല്‍പര്യം. പിന്നീട് ഹുമയുടെ നിസ്വാര്‍ഥവും ത്യാഗപൂര്‍ണവുമായ ഇടപെടലാണ് ലഹരിയുടെ പിടിയില്‍ നിന്ന് തന്നെ മോചിപ്പിച്ചത്. ഒരിക്കല്‍ പഴ്‌സില്‍ നിന്ന് കൊക്കെയ്ന്‍ പാക്കറ്റ് ഹുമ കണ്ടെത്തി’.
Read Also:- ഹൈക്കോടതി ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് നിര്‍ബന്ധമാക്കി ഉത്തരവ്
‘അപ്പോഴേക്കും വൈദ്യസഹായമില്ലാതെ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ എനിക്ക് കഴിയുമായിരുന്നില്ല. ചികിത്സ വേണമെന്ന് പറഞ്ഞതും ഹുമയാണ്. പിന്നീട് ഹുമയുടെ മരണമാണ് ജീവിതം മാറ്റിയത്. അന്ന് ഉപേക്ഷിച്ച ലഹരിയിലേക്ക് പിന്നീട് പോയിട്ടില്ല’ അക്രം പറഞ്ഞു.
Post Your Comments