തിരുവനന്തപുരം: പാറശാലയിൽ കാമുകി വിഷം കൊടുത്ത് കൊലപ്പെടുത്തിയ ഷാരോൺ രാജിന്റെ കേസ് സംസ്ഥാനത്തെ ഞെട്ടിക്കുന്നു. പല കാരണങ്ങൾ പറഞ്ഞിട്ടും ഷാരോൺ പിന്മാറാൻ കൂട്ടാക്കാതെ വന്നപ്പോൾ ജീവിതത്തിൽ നിന്നും ഒഴിവാക്കുന്നതിനായി ഷാരോണിനെ കാമുകി ഗ്രീഷ്മ കഷായത്തിലും ജ്യൂസിലും വിഷം കലർത്തി നൽകുകയായിരുന്നു. കുറ്റസമ്മതം നടത്തിയ ഗ്രീഷ്മയുടെതെന്ന പേരിൽ പാറശ്ശാല സ്വദേശിയായ ഗ്രീഷ്മ ആർ നായർ എന്ന യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റുകൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു.
ആർ.എസ്.എസ് അനുകൂലിയായ ഗ്രീഷ്മയുടെ പോസ്റ്റുകൾ ആണ് ഷാരോൺ കേസിലെ കൊലയാളിയായ ഗ്രീഷ്മയുടെതെന്ന രീതിയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടത്. ഇതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളും ഉണ്ടായിരുന്നു. ഗ്രീഷ്മ ആർ.എസ്.എസുകാരി ആണെന്നും കൊലയാളിയുടെ രാഷ്ട്രീയം മാധ്യമങ്ങൾ എന്തുകൊണ്ട് ചർച്ച ചെയ്യുന്നില്ലെന്നുമായിരുന്നു പ്രചരിപ്പിച്ചവരുടെ ചോദ്യം. യഥാർത്ഥ ഗ്രീഷ്മ തന്റെ അക്കൗണ്ട് ആണ് പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമാക്കി രംഗത്ത് വന്നതോടെയാണ് ഇത് വ്യാജ പ്രചാരണമാണെന്ന് തിരിച്ചറിയുന്നത്.
‘ഷാരോൺ കൊലപാതകവുമായി ബന്ധപ്പെട്ട് യാതൊരുവിധ ബന്ധവുമായില്ലാത്ത എന്റെ ഈ facebook അക്കൗണ്ട് ആണ് ഷെയർ ചെയ്യുന്നത്. സത്യാവസ്ഥ മനസിലാക്കി മാത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഷെയർ ചെയ്യുക’, പാറശാല സ്വദേശിനിയായ ഗ്രീഷ്മ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, ജാതക ദോഷവും, ചൊവ്വാ ദോഷവും അടക്കമുള്ള കാരണങ്ങൾ പറഞ്ഞപ്പോഴും അതൊന്നും വകവെയ്ക്കാതെ ഗ്രീഷ്മയെ ചേർത്ത് പിടിക്കുകയായിരുന്നു ഷാരോൺ ചെയ്തത്. ഷാരോണും ഗ്രീഷ്മയും തമ്മിൽ പ്രണയത്തിലായിട്ട് ഒരുവർഷം മാത്രം. ഒരുമിച്ചുള്ള ബസ് യാത്രയിലാണ് ഇരുവരും പരസ്പരം അടുക്കുന്നത്. ഇരുവരും ഗാഢമായ പ്രണയത്തിലായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. ഇതിനിടെയാണ് ഗ്രീഷ്മക്ക് മറ്റൊരു വിവാഹലോചന വന്നത്. സെപ്റ്റംബറിലായിരുന്നു വിവാഹം നിശ്ചയിച്ചത്. പിന്നീട് ഫെബ്രുവരിയിലേക്ക് മാറ്റി. വിവാഹത്തിന് ഷാരോൺ തടസ്സമാകുമെന്ന കണക്കുകൂട്ടലാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
Post Your Comments