പാറശാല: മാസങ്ങൾക്ക് മുന്നേ ഷാരോണും ഗ്രീഷ്മയും വിവാഹിതരായിരുന്നു. ഷാരോണിന്റെ വീട്ടിൽവച്ച് ഷാരോൺ ഗ്രീഷ്മയുടെ കഴുത്തിൽ താലി ചാർത്തുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇന്ന് നമ്മുടെ കല്യാണമാണെന്ന് പറഞ്ഞ് ചിരിയോടെ ഗ്രീഷ്മയെ ചേർത്തുപിടിക്കുന്ന ഷാരോണിനെയാണ് വീഡിയോയിൽ കാണാനാകുന്നത്. നാണം കൊണ്ട് മുഖം പൊത്തുന്ന ഗ്രീഷ്മയെയും കാണാം. ഷാരോണിന്റെ വീട്ടിൽ വെച്ചാണ് താലി കെട്ടിയത്. ഇതോടെ, ഗ്രീഷ്മ ഇവിടെ വരാറുണ്ടായിരുന്നുവെന്ന് വ്യക്തമാവുകയാണ്.
ഒക്ടോബര്‍ 14ന് ഗ്രീഷ്മ നല്‍കിയ കഷായവും ജ്യൂസും കുടിച്ച് ഷാരോണ്‍ 25നാണ് മരിച്ചത്. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ഷാരോണ്‍ തയാറാകാത്തതിനെ തുടര്‍ന്ന് വിഷം നല്‍കിയതാണെന്ന് ഗ്രീഷ്മ പോലീസിനോട് പറഞ്ഞിരുന്നു. മെയ് മാസത്തിലാണ് വീഡിയോ ചിത്രീകരിച്ചത്. ഷാരോണ്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന നല്‍കി പോലീസ്. പ്രതിയായ ഗ്രീഷ്മയുടെ അച്ഛനും അമ്മയും അമ്മയുടെ സഹോദരനും ഇയാളുടെ മകളും പോലീസ് കസ്റ്റഡിയിലാണ്. ഇവരുടെ മൊഴികളില്‍ പൊരുത്തക്കേട് ഉണ്ടെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും പോലീസ് പറയുന്നു. ഗ്രീഷ്മയുടെ കുടുംബത്തിന് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് ഷാരോണിന്റെ വീട്ടുകാരുടെ ആരോപണം.
ഷാരോണിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഗ്രീഷ്മ പോലീസിനോട് പറഞ്ഞത്. കോളേജിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇരുവരും പ്രണയത്തിലായത്. മറ്റൊരു ചെറുപ്പക്കാരന്റെ വിവാഹ ആലോചന വന്നതോടെ ഗ്രീഷ്മ ഷാരോണില്‍ നിന്നും അകലുവാന്‍ ശ്രമിച്ചു. വ്യത്യസ്ത ജാതിയിലുള്ളവരായതിനാല്‍ വീട്ടുകാര്‍ സമ്മതിക്കില്ലെന്നും പിരിയാമെന്നും ഗ്രീഷ്മ പറഞ്ഞിട്ടും ഷാരോണ്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ഷാരോണിന്റെ കൈവശം ഉണ്ടായിരുന്ന സ്വകാര്യ ചിത്രങ്ങളും വീഡിയോയും ഡിലീറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ടു. എന്നിട്ടും ഷാരോൺ തയ്യാറായില്ല. ഇതോടെ, തനിക്ക് ജാതക ദോഷമുണ്ടെന്നും ചൊവ്വാ ദോഷം കാരണം ആദ്യ ഭർത്താവ് മരിക്കുമെന്ന് ജ്യോത്സ്യൻ പറഞ്ഞുവെന്നും ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞു. എന്തൊക്കെ പറഞ്ഞിട്ടും ഷാരോൺ പിന്മാറാൻ തയ്യാറായില്ല. ഇതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്.
Post Your Comments